16 Dec 2024 2:03 PM GMT
Summary
- കെഎംഎംഎല്‍ ട്രേഡ് യൂണിയന്‍ പ്രതിനിധി സംഘവുമായി കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- ടൈറ്റാനിയം ഡയോക്സൈഡിന് ആന്റി ഡംമ്പിഗ് ഡ്യൂട്ടി ഏര്‍പ്പെടുന്ന നടപടിക്രമങ്ങള്‍ പരിശോധിക്കുന്നു
ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കെഎംഎംഎല്‍ ട്രേഡ് യൂണിയന്‍ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചവറ കെഎംഎംഎല്‍ ഉല്‍പ്പന്നമായ ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് ചര്‍ച്ച നടത്തിയത്.
ടൈറ്റാനിയം ഡയോക്സൈഡിന്റെ വ്യാപകമായ ഇറക്കുമതി കാരണം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതുമൂലം കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നും പ്രതിനിധികള്‍ മന്ത്രിയെ ധരിപ്പിച്ചു. വസ്തുതകള്‍ പരിശോധിച്ച് വരുന്ന ബഡ്ജറ്റില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലത്തിലെ ഉയര്‍ന്ന ഐ.ഇ.എസ് ഉദ്യോഗസ്ഥനായ ആന്റണി സിറിയക്കിനെ ചര്‍ച്ചയിലേക്ക് മന്ത്രി വിളിച്ച് വരുത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി.
ടൈറ്റാനിയം ഡയോക്സൈഡിന് ആന്റി ഡംമ്പിഗ് ഡ്യൂട്ടി ഏര്‍പ്പെടുന്ന നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരെയും ബന്ധപ്പെട്ട വിവിധ വകുപ്പ് തലവന്മാരെയും നേരില്‍ കണ്ട് പ്രതിനിധി സംഘം നിവേദനം നല്‍കി. കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എം പി മാരായ എന്‍. കെ പ്രേമചന്ദ്രനും കെ രാധാകൃഷ്ണനും ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.