13 Dec 2023 7:57 AM
യൂ എസ്സിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യക്കാരുടെ എണ്ണം 2023 ൽ ഇതുവരെ 96 , 917 ആയി. പത്തുവർഷം മുമ്പ് (2013 ) ഇവരുടെ എണ്ണം വെറും 1 ,500 ആയിരുന്നു. പിന്നുള്ള വർഷങ്ങളിൽ ഇവരുടെ എണ്ണത്തിൽ നേരിയ വളർച്ച മാത്രമാണ് ഉണ്ടായിരുന്നത്. 2019 വരെ അത് 10 ,000 നു താഴെ മാത്രമായിരുന്നു. 2020 മുതൽ ഇരു സർക്കാരുകളെയും അമ്പരപ്പിച്ചു കൊണ്ട് ഇത് കുത്തനെ കൂടാൻ തുടങ്ങി. 2020 ൽ ഇത് 20 ,000 ആയും, 21 ൽ 30, 362 ആയും, 2022 ൽ 40 ,000 ആയും ഭീമാകാരമായി വളർന്നു. 2023 ൽ ഇതുവരെ ഇത് ലക്ഷത്തിനു അൽപ്പം താഴെ 96 , 917 ൽ എത്തി നിൽക്കുന്നു.
യു എസിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയവരുടെ കണക്കാണിത്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു യു എസ് ലേക്ക് കടന്ന ഇന്ത്യക്കാർ ഈ വര്ഷം ഇതുവരെ 30 ,000 ആണ്. 2014 ൽ ഇത് വെറും 100 പേർ മാത്രമായിരുന്നു.
അനധികൃതമായി കുടിയേറുന്നവരുടെ കൂട്ടത്തിൽ അവരുടെ കുട്ടികൾ ഉണ്ടങ്കിൽ, കുട്ടികളെ ബന്ധുക്കളിൽ നിന്ന് യു എസ് അധികൃതർ വേർപിരിക്കും. കുടിയേറ്റത്തിനെതിരെ യു എസ് സ്വീകരിച്ചിരിക്കുന്ന ഏറ്റവും ക്രൂരമായ നടപടികളിൽ ഒന്നാണിത്. ട്രംപിന്റെ ഈ പോളിസി അനുസരിച്ചു ഇങ്ങനെ 5000 ത്തിലധികം കുട്ടികളെയാണ് അവരുടെ ബന്ധുക്കളിൽ നിന്ന് വേർപിരിച്ചത്. .
യു എസ് അതിർത്തി സംരക്ഷണ സേന പിടികൂടിയ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷവും ഒറ്റക്കാണ് ഈ സാഹസത്തിനു മുതിർന്നത്. എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി, യു എസ്സിൽ അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്ന ഇന്ത്യൻ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ട്. 2020 ൽ കുടുംബത്തിനോടൊപ്പം യു എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച കുട്ടികളുടെ എണ്ണം വെറും 9 ആയിരുന്നു. ഒറ്റക്ക് എത്തിയ കുട്ടികളുടെ എണ്ണം 219 തും. 2021 ൽ ഇവരുടെ എണ്ണം യഥാക്രമ൦ 40 ഉം 237 ഉം ആയിരുന്നു 2022 ൽ ഇത് 202 ലേക്കും, 409 ലേക്കും ഉയർന്നു, 2023 ഇതുവരെ അത് 261 ലും, 730 ലും എത്തി നിൽക്കുന്നു.
ചൈനയും, റഷ്യയും, ഇന്ത്യയും ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുമാണ് യു എസിലേക്ക് ഏറ്റവും അധികം അനധികൃത കുടിയേറ്റം നടന്നിട്ടുള്ളത്, മെക്സിക്കോയാണ് പട്ടികയിൽ ഏറ്റവും മുകളിൽ. ഈ വർഷത്തെ കണക്കനുസരിച്ചു അവിടെ നിന്ന് 7 .4 ലക്ഷം പേരാണ് യു എസ്സിൽ അനധികൃതമായി കുടിയേറിയിരിക്കുന്നത്. എങ്കിലും അവിടെ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ ഗ്രാഫ് താഴേക്കാണ്. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിലെ വളർച്ച കഴിഞ്ഞ കുറെ വര്ഷങ്ങളായി അമ്പരപ്പിക്കുന്നതാണെങ്കിലും , അവരുടെ എണ്ണം ആകെയുള്ള കുടിയേറ്റക്കാരുടെ 3 ശതമാനം മാത്രമാണ്.
ചൈനയിൽനിന്നും, റഷ്യയിൽ നിന്നുമാണ് ഏറ്റവും കുറവ് അനധികൃത കുടിയേറ്റം നടന്നിട്ടുള്ളത്.