16 Aug 2023 11:12 AM GMT
Summary
- ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴിലാളി ക്ഷാമം നേരിടുകയാണ് സിംഗപ്പൂര്‍.
- ഇന്ത്യയ്ക്ക് പുറമേ, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളെയും നോണ്‍ ട്രഡീഷണല്‍ സോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാചക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി സിംഗപ്പൂരില്‍ പാചകം ചെയ്യാം. ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴിലാളി ക്ഷാമം നേരിടുകയാണ് സിംഗപ്പൂര്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ രാജ്യത്തേക്ക് അനുവദനീയമായ റിക്രൂട്ട്‌മെന്റ് പട്ടികയില്‍ ഇന്ത്യന്‍ പാചകക്കാരെ ഉള്‍പ്പെടുത്തി നിയമന ഓപ്ഷനുകള്‍ വിപുലീകരിച്ചിരിക്കുകയാണ്. ഇത് ത്പാദന, സേവന മേഖലകളിലെ ചില തൊഴില്‍ പദവികള്‍ വിശാലമാക്കുന്നത് ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈന, മലേഷ്യ, ഹോങ്കോംഗ്, മക്കാവു, ദക്ഷിണ കൊറിയ, തായ് വാന്‍ എന്നിങ്ങനെ സിംഗപ്പൂരിന്റെ വര്‍ക്ക് പെര്‍മിറ്റുള്ള രാജ്യങ്ങളില്‍ നിന്നുമാണ് സേവന, ഉത്ാപദന മേഖലകളിലേക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തിയിരുന്നത്. സിംഗപ്പൂര്‍ മാനവശേഷി മന്ത്രാലയം അടുത്തിടെ രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്കുള്ള അപേക്ഷ നടപടിക്രമങ്ങള്‍ അവതരിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നോണ്‍-ട്രഡിഷണല്‍ സോഴിസില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കാന്‍ താല്‍പര്യമുള്ള ബിസിനസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
ഇന്ത്യയ്ക്ക് പുറമേ, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളെയും നോണ്‍ ട്രഡീഷണല്‍ സോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നീക്കത്തോടെ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഹൗസ് കീപ്പര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെയുള്ള അനുവദനീയമായ നിയമന പട്ടികയില്‍ പാചകക്കാരെയും ഉള്‍പ്പെടുത്താം. പാചക മേഖലയില്‍ നിന്നുള്ളവരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് അപേക്ഷകള്‍ വിലയിരുത്തും. ഇന്ത്യന്‍ റെസ്റ്റോറന്റ് പാചകക്കാര്‍ക്ക് പുറമേ, 2022 ലെ ബജറ്റ് ചര്‍ച്ചയില്‍ അവതരിപ്പിച്ച നോണ്‍ ട്രഡിഷണല്‍ സോഴ്‌സില്‍ നിന്നുള്ള തൊഴില്‍ പട്ടികയില്‍ വെല്‍ഡര്‍മാര്‍, പ്രത്യേക ഭക്ഷ്യ സംസ്‌കരണ തൊഴിലാളികളും ഉള്‍ക്കൊള്ളുന്നുണ്ടെന്നാണ് സിംഗപ്പൂരില്‍ നിന്നുള്ള ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസം 2,000 സിംഗപ്പൂര്‍ ഡോളര്‍ വേതനമായി നല്‍കണം. മൊത്തം തൊഴിലാളികളുടെ എണ്ണവുമായി നാക്കുമ്പോള്‍ എന്‍ടിഎസ് തൊഴിലാളികളുടെ എണ്ണം എട്ട് ശതമാനമോ അതില്‍ താഴെയോ ആയിരിക്കണം. യാത്ര, വിനോദ സഞ്ചാരം, മീറ്റിംഗുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുടെ പ്രധാന കേന്ദ്രമായ സിംഗപ്പൂരിലെ ഹോസ്പിറ്റാലിറ്റി വ്യവസായം ഇപ്പോള്‍ നേരിടുന്ന തൊഴിലാളി പ്രതിസന്ധിക്ക് ഇത് പരിഹാരമാകുമെന്നാണ് ഹോട്ടല്‍, ടൂറിസം മേഖലകളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.