18 Nov 2023 2:12 PM IST
ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ ഉപയോഗിക്കാറുണ്ടോ എങ്കില്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളു
MyFin Desk
Summary
- ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ നടപടികള്‍ എന്നാണ് എന്‍സിപിഐയുടെ അഭിപ്രായം.
- സേവനദാതാക്കള്‍ക്ക് പ്രവര്‍ത്തനരഹിതമായ യുപിഐ നമ്പറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഈ ആപ്ലിക്കേഷനൊക്കൊ ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ഇവയൊക്കെ വന്നതോടെ കയ്യില്‍ കാശ് കൊണ്ടു നടക്കുന്ന ശീലമേ ആളുകള്‍ക്കില്ലാതായി. എന്നാല്‍, ഇടക്കിടെ മൊബൈല്‍ നമ്പര്‍ മാറ്റുകയും ഒരു വര്‍ഷത്തിലേറെയായി ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയോ ചെയ്യാത്തവര്‍ക്കും പണി കൊടുക്കാനൊരുങ്ങുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ).
ഏതെങ്കിലും മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാര്‍ (ടിപിഎപി) അല്ലെങ്കില്‍ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ , (പിഎസ്പി) ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടുകള്‍ (ബാലന്‍സ് അന്വേഷണം, പിന്‍ മാറ്റം മുതലായവ) നടത്താത്ത ഉപഭോക്താക്കളുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഐഡികള്‍, യുപിഐ നമ്പറുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ പ്രവര്‍ത്തനരഹിതമാക്കുമെന്നാണ് നവംബര്‍ ഏഴിലെ എന്‍പിസിഐയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.
സുരക്ഷ ഉറപ്പാക്കാന്‍
ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ നടപടികള്‍ എന്നാണ് എന്‍സിപിഐയുടെ അഭിപ്രായം. ബാങ്കുകള്‍ പതിവായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കള്‍ക്ക് പലപ്പോഴും മൊബൈല്‍ നമ്പറുകള്‍ മാറുമ്പോള്‍ യുപിഐ ആപ്ലിക്കേഷനുകള്‍ അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായ ആപ്ലിക്കേഷനുകളെ ഈ നമ്പറുകളില്‍ നിന്നും ഡിആക്ടിവേറ്റ് ചെയ്യാറില്ല. ഇത് തെറ്റായ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും എന്‍സിപിഐ പറയുന്നു.
എന്താണ് നടപടി
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ നല്‍കുന്ന എല്ലാ ടിപിഎപികളും ബാങ്കുകളും യുപിഐ ആപ്ലിക്കേഷനുകളില്‍ നിന്ന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാമ്പത്തിക (ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ്) അല്ലെങ്കില്‍ സാമ്പത്തികേതര ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കളുടെ യുപിഐ ഐഡികളും അനുബന്ധ യുപിഐ നമ്പറുകളും ഫോണ്‍ നമ്പറുകളും തിരിച്ചറിയണം. ഇത്തരം നമ്പറുകള്‍, യുപിഐ ഐഡികള്‍ എന്നിവയുടെ കാര്യത്തില്‍ ഡിസംബര്‍ 31 നു ശേഷം എന്‍സിപിഐ നടപടിയെടുക്കും.
എന്‍സിപിഐ നിര്‍ദ്ദേശങ്ങള്‍
ഇത്തരം നമ്പറുകള്‍, യുപിഐ ഐഡികള്‍ എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് പണം സ്വീകരിക്കാന്‍ കഴിയില്ല. സേവനദാതാക്കള്‍ക്ക് പ്രവര്‍ത്തനരഹിതമായ യുപിഐ നമ്പറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം.
ഇന്‍വാര്‍ഡ് ക്രെഡിറ്റ് ബ്ലോക്ക് യുപിഐ ഐഡികളും ഫോണ്‍ നമ്പറുകളും ഉള്ള ഉപഭോക്താക്കള്‍ യുപിഐ മാപ്പര്‍ ലിങ്കേജിനായി അതത് യുപിഐ ആപ്ലിക്കേഷനുകളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം യുപിഐ പിന്‍ ഉപയോഗിച്ച് പേയ്‌മെന്റുകളും സാമ്പത്തികേതര ഇടപാടുകളും നടത്താം. 'പേ-ടു-കോണ്‍ടാക്റ്റ്'/ 'മൊബൈല്‍ നമ്പറിലേക്കുള്ള പേ' എന്നീ ഓപ്ഷനുകള്‍ ആരംഭിക്കുന്നതിന് മുമ്പ് യുപിഐ ആപ്ലിക്കേഷനുകള്‍ റിക്വസ്റ്റര്‍ മൂല്യനിര്‍ണ്ണയം (ReqValAd) നടത്തണം. യുപിഐ അപ്ലിക്കേഷനുകള്‍ ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ പേര് കാണിക്കണം, കൂടാതെ ആപ്ലിക്കേഷനുകളുടെ അവസാനത്തില്‍ ഫോണില്‍ സേവ് ചെയ്ത പേര് പ്രദര്‍ശിപ്പിക്കരുത്.