6 Nov 2023 11:18 AM GMT
Summary
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ബാധിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ
ബ്രെന്റ് ക്രൂഡിന്റെ വില ഉയർന്നു 110 ഡോളറിനു മുകളിൽ പോവുകയാണെങ്കിൽ, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂടുകയും, രൂപ പിന്നയും ദുർബലമാവുകയും ചെയ്യും. ഇത് പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ ആര്‍ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തല്‍.
ലോകത്തിലെ വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ബാധിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. എണ്ണ വിലയിലെ 10 ഡോളറിന്റെ വര്‍ധന പണപ്പെരുപ്പം 0.5 ശതമാനത്തിന്റെ (50 ബേസിസ് പോയിന്റ്) വര്‍ധനയ്ക്കും കറന്റ് അക്കൗണ്ട് ബാലന്‍സില്‍ 0.3 ശതമാനം (30 ബേസിസ് പോയിന്റ്) വര്‍ധനയ്ക്കും കാരണമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
എണ്ണ വില ബാരലിന് 110 ഡോളറിനു മുകളിലായാൽ . അത് ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. ആഭ്യന്തര എണ്ണ വില ഉയരാന്‍ കാരണമാകും. ഇത് രണ്ടാംഘട്ട പണപ്പെരുപ്പ പ്രത്യാഘാതങ്ങളിലേക്ക് രാജ്യത്തെ നയിച്ചേക്കാമെന്നാണ് വിദഗ്ധാഭിപ്രായം. കൂടാതെ, കറന്റ് അക്കൗണ്ട് കമ്മു ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനത്തിന് അപ്പുറത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.
ആര്‍ബിഐ നാല് തവണയായി പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു. പക്ഷേ, പണപ്പെരുപ്പം അതിന്റെ ലക്ഷ്യം വെച്ച ബാന്‍ഡിന് മുകളിലേക്ക് അതായത് നാല് ശതമാനത്തിലേക്കു ഉയരുകയാണെങ്കില്‍ ആര്‍ബിഐക്ക് കടുത്ത നിലപാടിലേക്ക് നീങ്ങേണ്ടി വന്നേക്കും. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ക്രൂഡിന്റെ വില ബാരലിന് 85 ഡോളറായിരിക്കുമെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ പലിശനിരക്ക് കൂട്ടണ്ടേ എന്ന നിലപാടിൽ നിൽക്കുന്നത്. എന്നാൽ വില കൂടിയാൽ നിരക്ക് കൂട്ടേണ്ടി വരും. .
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അനുമാനം എണ്ണ വില ബാരലിന് 95 ഡോളറായി നിലനിര്‍ത്തണമെന്നാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കൈകാര്യം ചെയ്യാവുന്ന നിലയാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നതും ആര്‍ബിഐ വൈകിപ്പിക്കും.
ക്രൂഡ് ഓയില്‍ വില നവംബര്‍ 2 ലെ കണക്കനുസരിച്ച് ബാരലിന് ശരാശരി 87.09 ഡോളറായിരുന്നു, ഒക്ടോബറില്‍ ബാരലിന് ശരാശരി 90.08 ഡോളറായിരുന്നു. ആഗോള ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് തിങ്കളാഴ്ച ബാരലിന് 85 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തിയത്.