2 May 2023 1:07 PM IST
Summary
- നോൺ-കസ്റ്റമർ-ഫേസിംഗ് റോളുകളുടെ 30% എഐയിലേക്ക്
- സോഫ്റ്റ്‌വെയർ വികസനത്തിന് നിയമനങ്ങള്‍ തുടരും
- ആദ്യ പാദത്തിൽ ഏകദേശം 7,000 പേരേ നിയമിച്ചു
വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാമെന്ന് കരുതുന്ന റോളുകളിലേക്കുള്ള നിയമനം താൽക്കാലികമായി നിർത്താമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് കൃഷ്ണ.
നോൺ-കസ്റ്റമർ-ഫേസിംഗ് റോളുകളില്‍ ഏകദേശം 26,000 തൊഴിലാളികളാണ് ഇപ്പോള്‍ ഐബിഎമ്മില്‍ ഉള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ 30% എഐ, ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളിലൂടെ നിര്‍വഹിക്കാനാണ് കമ്പനിയുടെ ശ്രമം. അതായത് 7800 തൊഴിലുകള്‍ നഷ്ടമാകും. ഹ്യൂമൻ റിസോഴ്‌സ് പോലുള്ള ബാക്ക് ഓഫീസ് ഫംഗ്‌ഷനുകളിലെ നിയമനം താൽക്കാലികമായി നിർത്തിവയ്ക്കുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുമെന്ന് കൃഷ്ണ ഒരു അഭിമുഖത്തിൽ പറഞ്ഞു.
വിവിധ തൊഴില്‍ മേഖലകളില്‍ നിർമിത ബുദ്ധി സൃഷ്ടിക്കുന്ന ഉടച്ചുവാര്‍ക്കലുകളും ആശങ്കകളും ചർച്ചയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വളർന്നുവരുന്ന ഈ സാങ്കേതിക വിദ്യ തൊഴിലുകളെ ബാധിക്കുന്നതിന്‍റെ ഇതുവരെയുണ്ടായ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ് ഐബിഎമ്മിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
എംപ്ലോയ്‌മെന്റ് വെരിഫിക്കേഷൻ ലെറ്ററുകൾ നൽകുന്നത്, വിവിധ ഡിപ്പാർട്ട്‌മെന്റുകൾക്കിടയിൽ ജീവനക്കാരെ മാറ്റുന്നത് പോലുള്ള പതിവ് ക്രമത്തിലുള്ള ജോലികൾ പൂർണ്ണമായും യന്ത്രവത്കരിക്കപ്പെടുമെന്നാണ് അരവിന്ദ് കൃഷ്ണ വിലയിരുത്തുന്നത്. തൊഴിലാളികളുടെ വിന്യാസം, ഉൽപ്പാദനക്ഷമതയും വിലയിരുത്തല്‍ എന്നിങ്ങനെയുള്ള എച്ച്ആർ ഫംഗ്ഷനുകൾക്ക് അടുത്ത ദശകത്തിൽ മനുഷ്യരെ നിയമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐബിഎമ്മില്‍ നിലവിൽ 260,000 തൊഴിലാളികൾ ജോലി ചെയ്യുന്നു, കൂടാതെ സോഫ്റ്റ്‌വെയർ വികസനത്തിനും ഉപഭോക്താവിനെ നേരിട്ട് അഭിമുഖീകരിക്കുന്ന റോളുകൾക്കുമായി നിയമനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. ഈ വർഷം ആദ്യം കമ്പനി തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 5,000 തൊഴിലാളികളെ ഒഴിവാക്കാനാണ് ശ്രമം. എന്നിരുന്നാലും,ആദ്യ പാദത്തിൽ ഏകദേശം 7,000 ആളുകളെ കമ്പനിയിലേക്ക് നിയമിച്ചെന്നും മൊത്തത്തില്‍ ഐബിഎമ്മില്‍ തൊഴില്‍ കൂട്ടിച്ചേർക്കലാണ് നടന്നതെന്നും അരവിന്ദ് കൃഷ്ണ വിശദീകരിച്ചു.