image

27 Oct 2023 7:52 AM GMT

News

കൂടുതൽ പലിശ വരുമാനം തേടി എസ് ഐ ബി കോർപ്പറേറ്റ് ലോണുകൾ കുറയ്ക്കാൻ നീക്കം

C L Jose

sib moves to reduce corporate loans in search of higher interest income
X

Summary

കോര്‍പറേറ്റ് വായ്പകള്‍ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ കുറച്ചതായാണ് ബാങ്കിന്റെ വിശ്വാസം.


തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് പലിശ വരുമാനം വര്‍ധിപ്പിക്കുന്നതിനായി വായ്പാ മേഖലയില്‍ തന്ത്രപരമായ മാറ്റം ആസൂത്രണം ചെയ്യുന്നതായി സൂചന. നിലവില്‍ താരതമ്മ്യേന കുറഞ്ഞ വരുമാന൦ നല്‍കുന്ന കോര്‍പറേറ്റ് വായ്പകൾ ഭാഗികമായി കുറച്ചു കൊണ്ട് ഉയര്‍ന്ന യീല്‍ഡ് നല്‍കുന്ന വായ്പകളിലേക്കുള്ള തന്ത്രപരമായ മാറ്റമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന.

'കോര്‍പറേറ്റ് വായ്പകള്‍ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് പൊതുവേ ഉയര്‍ന്ന റേറ്റിംഗുള്ള സ്ഥാപനങ്ങളെയാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ എസ്‌ഐബിയുടെ ഈ വിഭാഗത്തിലെ മാര്‍ജിന്‍ കേരളത്തിനകത്തും പുറത്തും മറ്റു ബാങ്കുകളേക്കാൾ അല്‍പ്പം കുറവാണ്' എസ്‌ഐബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി ആര്‍ ശേഷാദ്രി അടുത്തിടെ വിശകലന വിദഗ്ധരോട് പറഞ്ഞിരുന്നു.

2020 ഒക്ടോബര്‍ മുതല്‍ ബാങ്ക് ഉയര്‍ന്ന റേറ്റിംഗു ഉള്ള കമ്പനികൾക്ക് നൽകിയ കുറഞ്ഞ വരുമാനവുമുള്ള കോര്‍പറേറ്റ് വായ്പകള്‍ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ കുറച്ചതായാണ് ബാങ്കിന്റെ വിശ്വാസം.

ഒരു ബാങ്കിന്റെ പലിശ വരുമാനത്തിന്റെ പ്രധാന അളവുകോലാണ് അറ്റ പലിശ മാര്‍ജിന്‍ (നെറ്റ് ഇന്റെറെസ്റ്റ് മാര്‍ജിന്‍). മെച്ചപ്പെട്ട നിലവാരവും റേറ്റിംഗുമുള്ള കോര്‍പറേറ്റുകള്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ ശക്തമായ വിലപേശല്‍ നടത്തി വായ്പാ നിരക്കിൽ കുറവു നേടും. എന്നാല്‍ എംഎസ്എംഇ, റീട്ടെയില്‍ വായ്പ്പകളും ബാങ്കുകൾക്ക് ഉയര്‍ന്ന പലിശ വരുമാനം നല്‍കുന്നു.

എസ്‌ഐബിയുടെ 2023 സെപ്റ്റംബര്‍ അവസാനം വരെയുള്ള അറ്റ പലിശ മാര്‍ജിന്‍ 3.21 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.31 ശതമാനമായിരുന്നു. താരതമ്യേന സ്വര്‍ണ്ണ വായ്പയില്‍ നിന്നും വലിയ വരുമാനമുള്ള സിഎസ്ബി ബാങ്കിന്റെ 2023 സെപ്റ്റംബര്‍ 30 വരെയുള്ള അറ്റ പലിശ മാര്‍ജിന്‍ 4.84 ശതമാനമാണ്.

ഫെഡറല്‍ ബാങ്കിനും ആരോഗ്യകരമായ അറ്റ പലിശ മാര്‍ജിന്‍ ഇല്ല. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റേത് 3.16 ശതമാനം മാത്രമായിരുന്നു. മുന്‍ വര്‍ഷം ഇത് 3.30 ശതമാനവും.

ഉയര്‍ന്ന റേറ്റിംഗുള്ള കോര്‍പറേറ്റ് വായ്പകള്‍

നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതില്‍ അസ്വസ്ഥരായതോടെയാണ് എസ്‌ഐബി മികച്ച റേറ്റിംഗുള്ളതും അപകടസാധ്യത കുറഞ്ഞതുമായ കോര്‍പറേറ്റ് വായ്പകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, ഇതുവഴി ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തിൽ ഇടിവ് വന്നു.

എന്നാല്‍ എസ്എംഇ വായ്പകളും റീട്ടെയില്‍ വായ്പകളും വായ്പാ ബുക്കിലേക്ക് കൂടുതല്‍ ചേര്‍ക്കുന്നതിലൂടെ ബാങ്കിന് മികച്ച പലിശ വരുമാനം നേടാന്‍ കഴിയുമെന്നാണ് ബാങ്കിന്റെ പുതിയ സിഇഒ ശേഷാദ്രിയുടെ വിശ്വസാം. 2023 സെപ്റ്റംബര്‍ അവസാനം വരെ, എസ്‌ഐബിയുടെ എ + റേറ്റിംഗുള്ള വലിയ കോര്‍പ്പറേറ്റ് വായ്പകളുടെ വിഹിതം 94 ശതമാനമാണ്, ഇതില്‍ 97 ശതമാനം വായ്പകളും 2020 ഒക്ടോബര്‍ മുതലുള്ള പുതിയ വായ്പകളാണ്. കൂടാതെ, 29 ശതമാനം വായ്പകള്‍ ലെഗസി (പഴയ) വായ്പകളാണ്.

ബാങ്കിന്റെ മുന്‍ മേധാവികളെല്ലാം പ്രത്യേകിച്ച് അടുത്തിടെ വിരമിച്ച സിഇഒ മുരളി രാമകൃഷ്ണന്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിന് വലിയ നിയന്ത്രണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എങ്കിലും ബാങ്കിന് 3707 കോടി രൂപയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇപ്പോഴുമുണ്ട്.