17 May 2023 1:30 AM GMT
Summary
- എൽഐസി-യുടെ വിപണി മൂല്യം 3,59,291 കോടി രൂപയാണ്
- എൽഐസി-യെക്കാൾ നിക്ഷേപകരെ നിരാശപ്പെടുത്തിയ 2 കമ്പനികൾ മാത്രമേയുള്ളു
തികച്ചും ഒരു വർഷം മുൻപാണ്, വ്യക്തമായി പറഞ്ഞാൽ 2022 മെയ് 17-നാണ് വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട എൽഐസി ആഭ്യന്തര വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്.
പ്രാരംഭ ഓഹരി വില്പനയിൽ ഒരു ഓഹരിക്കു 949 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എല്‍ഐസി ഓഹരികള്‍ 8.11 ശതമാനം കിഴിവില്‍ എന്‍എസ്ഇയില്‍ 872 രൂപ നിരക്കിലാണ് അന്ന് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍, ഓഹരികള്‍ ഓരോന്നിനും 867.20 രൂപക്കും; അതായതു 8.62 ശതമാനം കുറവിലും.
ഈ ഒരു വർഷത്തിൽ എൽഐസി-യുടെ ഓഹരി വിലയ്ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കിയാൽ അതിന്റെ സ്ഥിതി വളരെ പരിതാപകരമായിരുന്നു എന്ന് പറയാതെ വയ്യ. ഇന്ന്, മെയ് 17, 2023-ന് ഒരു വർഷം തികയുമ്പോൾ എൽഐസി 568.05 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്; അതായത് ഇഷ്യൂ വിലയേക്കാൾ 40.13 ശതമാനം കുറവിൽ! ഒരു ഓഹരിക്കു സംഭവിച്ച നഷ്ടം 380.95 രൂപ.
ഇന്ത്യയിൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഐപിഒയായിരുന്നു എല്‍ഐസി. അതുവരെ, 2021ലെ പേടിഎം ഐപിഒയില്‍ നിന്ന് സമാഹരിച്ച എക്കാലത്തെയും വലിയ തുക 18,300 കോടി രൂപയായിരുന്നു, ഐപിഒ വഴി സര്‍ക്കാര്‍ 22.13 കോടി ഓഹരികള്‍, അല്ലെങ്കില്‍ എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികള്‍ വിറ്റു. സര്‍ക്കാരിന് നിക്ഷേപകരിൽ നിന്ന് 21,008 കോടി രൂപ ലഭിച്ചു.
അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 60,000-70,000 കോടി രൂപ സമാഹരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാൽ, റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിപണിയെ അസ്ഥിരപ്പെടുത്തിയതോടെ ആദ്യ ലക്ഷ്യത്തിൽ നിന്നും സർക്കാർ പിൻവലിഞ്ഞു.
എൽഐസി-യുടെ വിപണി മൂല്യം 3,59,291 കോടി രൂപയാണ് (മെയ് 17, 2023). ഇത്, ഒരുവർഷം മുൻപ് 5,70,000 കോടി രൂപയായിരുന്നു എന്നോർക്കണം. അതായത്, ഒരു വർഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറർ എന്നവകാശപ്പെട്ടിരുന്ന ഈ ഭീമൻ കമ്പനിയുടെ നിക്ഷേപകർക്ക് മൊത്തം നഷ്ടമായത് 2,10,708 കോടി രൂപയാണ്.
എങ്കിലും, തൊട്ടടുത്ത് നിൽക്കുന്ന എച് ഡി എഫ് സി ലൈഫ്-ന്റെ വിപണി മൂല്യം 1,20,205 കോടി രൂപയാണ്. എസ്ബിഐ ലൈഫിന്റേത് 1,18,361 കോടിയും.
2022-ൽ വിപണിയിലിറങ്ങിയ 38 പ്രാരംഭ ഓഹരികളിൽ 13 എണ്ണം നഷ്ടത്തിലായിരുന്നെങ്കിലും എൽഐസി-യെക്കാൾ നിക്ഷേപകരെ നിരാശപ്പെടുത്തിയ 2 കമ്പനികൾ മാത്രമേയുള്ളു; 69 ശതമാനം നഷ്ടത്തിൽ നിൽക്കുന്ന എ ജി എസ് ട്രാൻസാക്ട് ടെക്നോളജിയും 45 ശതമാനം നഷ്ടത്തിലുള്ള എലിൻ ഇലക്ട്രോണിക്‌സും.
175 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന എ ജി എസ് ട്രാൻസാക്ട് ടെക്നോളജിയുടെ ഇന്നലെ വിപണി അവസാനിക്കുമ്പോഴുള്ള വില 52.95 ആണ്; 247 രൂപ വിലയുണ്ടായിരുന്ന എലിൻ ഇലക്ട്രോണിക്‌സിന്റെ ഇന്നലത്തെ വിലയാകട്ടെ 133.50 രൂപയും.
ഇത്രയൊക്കെയായിട്ടും, വിപണി വിദഗ്ധർ എൽ ഐ സി-യെ കൈവിടുന്നില്ല. ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ വൈസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറയുന്നു അന്നും ഞങ്ങൾ ഇത് വാങ്ങാൻ ശുപാർശ ചെയ്തിരുന്നു; അതിനുശേഷം, ദീർഘകാല അടിസ്ഥാനത്തിൽ ഇത് വാങ്ങാനുള്ള ശുപാർശ ഞങ്ങൾക്കുണ്ട്, 'ഇൻഷുറൻസ് ചെയ്യാത്തവരുടെ ഇൻഷുറൻസ്' സംബന്ധിച്ചിടത്തോളം ഒരു വലിയ വിപണി ഉണ്ടെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ഇത് എൽഐസിക്ക് മാത്രമല്ല, എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ, എസ്ബിഐ ലൈഫ് തുടങ്ങിയ മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കും. ബഹുമാനപ്പെട്ട ധനമന്ത്രി ബജറ്റിൽ വിവരിച്ച ആശങ്കകൾ കാരണം വളർച്ചയിൽ നേരിയ ഇടിവ് ഉണ്ടായേക്കാം. എന്നിരുന്നാലും, ദീർഘകാല വീക്ഷണം കണക്കിലെടുക്കുമ്പോൾ, ഇത് ഒരു നല്ല നിക്ഷേപമായി തുടരും.
ഒരോഹരിയുടെ പുറത്ത് ഒരു വർഷത്തിനിടയിൽ 380.95 രൂപ നഷ്ടം നേരിട്ട എൽഐസി നിക്ഷേപകന് വിശകലന വിദഗ്‌ധരുടെ ആശ്വാസ വാക്കുകളിൽ എത്രമാത്രം പ്രതീക്ഷയർപ്പിക്കാനാവും?