4 March 2025 2:01 PM IST
കേരളത്തിന്റെ നിരത്തുകളിൽ ഹൈഡ്രജൻ ബസ് സർവീസ് ആരംഭിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുടെ ഭാഗമായി, രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 37 വാഹനങ്ങൾ ഓടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത്, തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജൻ ബസുകൾ സർവീസ് നടത്തുക.
കേരളത്തിലെ റൂട്ടുകൾ കൂടാതെ ഗ്രേറ്റർ നോയിഡ-ഡൽഹി-ആഗ്ര, ഭുവനേശ്വർ-കൊണാർക്ക്-പുരി, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡൽഹി, പൂനെ-മുംബൈ, ജംഷഡ്പൂർ-കലിംഗ നഗർ, ജാംനഗർ-അഹമ്മദാബാദ്, NH-16 വിശാഖപട്ടണം-ബയ്യവാരം എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്ന മറ്റ് റൂട്ടുകൾ. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അശോക് ലെയ്‌ലാൻഡ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ, അനർട്ട് തുടങ്ങിയ കമ്പനികൾക്കാണ് നടത്തിപ്പു ചുമതല.