22 March 2023 11:51 AM GMT
Summary
- കോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യയിലുള്ള 15 പുതിയ വ്യക്തികൾ ഉൾപെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇത്തവണ ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രസിദ്ധികരിച്ചപ്പോൾ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഏക ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന് 82 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഗൗതം അദാനി 23-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സൈറസ് പൂനാവൽ, ശിവ് നാടാർ എന്നിവർ യഥാക്രമം 46, 50 സ്ഥാനങ്ങളിലും ഉദയ് കൊട്ടക് 135 ആം സ്ഥാനത്തുമാണ്. 2023ലെ അതി സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 28 ആയി കുറഞ്ഞു. എങ്കിലും കോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യയിലുള്ള 15 പുതിയ വ്യക്തികൾ ഉൾപെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ 187 ശത കോടീശ്വരന്മാരുണ്ടെങ്കിലും , എണ്ണത്തിൽ ചൈനയ്ക്കും യുഎസിനും പിന്നിലാണ്.
പട്ടികയിലെ കണക്കു പ്രകാരം, മുകേഷ് അംബാനിയുടെ ആസ്തിയിൽ 20 ശതമാനത്തിന്റെ കുറവാണുണ്ടായത്. എങ്കിലും ഏഷ്യയിൽ ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നില നിർത്തുന്നതിനു കഴിഞ്ഞു. ഗൗതം അദാനിയുടെ ആസ്തിയിൽ 35 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്നാണ് അദാനിയുടെ സമ്പാദ്യത്തിൽ ഇത്രയും വലിയ ഇടിവുണ്ടായത്. റിപ്പോർട്ടിന് മുൻപ് ഏഷ്യയിലെ ധനികരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു.
ഗൗതം അദാനിക്ക് കഴിഞ്ഞ വർഷം ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, സെർജി ബ്രിൻ, ലാറി പേജ്, മക്കെൻസി സ്കോട്ട് എന്നിവരും ഗൗതം അദാനിയും മുകേഷ് അംബാനിയും ആണ് ഏറ്റവുമധികം നഷ്ടം നേരിട്ട കോടീശ്വരന്മാർ. യു എസ്സിൽ 691 കോടിശ്വരന്മാരുണ്ട്. പട്ടികയിലെ ആദ്യ 100 പേരിൽ അഞ്ചു ഇന്ത്യക്കാർ മാത്രമാണ് ഉള്ളത്.