9 Dec 2024 9:52 AM GMT
Summary
- മാസ്ക്ഡ് ആധാർ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നു
- ഐഡന്റിറ്റി മോഷണത്തിന്റെയും ദുരുപയോഗത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നു
- സാധാരണ ആധാർ കാർഡ് പോലെ തന്നെ എല്ലാ ഇടത്തും ഉപയോഗിക്കാം
ആധാർ കാർഡ് ഇന്ന് നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വിവിധ സേവനങ്ങൾക്കും ഇടപാടുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും ആധാർ വിവരങ്ങൾ ആവശ്യമാണ്. എന്നിരുന്നാലും, ആധാർ നമ്പർ പൂർണ്ണമായി വെളിപ്പെടുത്തുന്നത് പലപ്പോഴും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകും. ഇവിടെയാണ് മാസ്ക് ചെയ്ത ആധാർ പ്രസക്തമാകുന്നത്.
മാസ്‌ക്ഡ് ആധാർ എന്നത് ആധാർ നമ്പറിൻ്റെ ആദ്യ എട്ട് അക്കങ്ങളെ "xxxx-xxxx" എന്നിങ്ങനെ മറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു, ആധാർ നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ മാത്രമേ ദൃശ്യമാകൂ.
എല്ലാ ആധാർ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഇത് ഐഡൻ്റിറ്റി മോഷണത്തിനും ദുരുപയോഗത്തിനും ഉള്ള അപകടസാധ്യത കുറയ്ക്കുന്നു.
മാസ്ക്ഡ് ആധാറിന്റെ നിയമസാധുത എന്താണ്?
സാധാരണ ആധാർ കാർഡ് പോലെ തന്നെ എല്ലാ ഇടത്തും മാസ്ക്ആ ചെയ്ത ആധാർ കാർഡും ഉപയോഗിക്കാം. വ്യക്തികൾക്ക് ആശങ്കകൂടാതെ തങ്ങളുടെ ആധാർ നമ്പർ മറ്റുള്ളവരുമായി പങ്കിടാൻ കഴിയുന്നത്തിന് ഒരു പരിഹാരം കണ്ടെത്താനാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) മാസ്ക്ഡ് ആധാർ അവതരിപ്പിച്ചത്. മാസ്ക് ചെയ്ത ആധാർ കാർഡ് നിയമപരമായി സാധുവായ തിരിച്ചറിയൽ രേഖയാണ്.
എവിടെയൊക്കെ മാസ്ക്ഡ് ആധാർ കാർഡ് ഉപയോഗിക്കാം ?
ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, യാത്രകൾ, ബാങ്ക് അക്കൗണ്ട് തുറക്കൽ, മറ്റ് കെവൈസി ആവശ്യങ്ങൾ എന്നിവയിൽ ഐഡൻ്റിറ്റി തെളിവായി മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കാം.
സുരക്ഷ മുൻനിർത്തി, ദുരുപയോഗ സാധ്യത കുറയ്ക്കുന്നതിനുമായി, പൂർണ്ണ ആധാർ കാർഡിന്റെ പകർപ്പുകൾ പങ്കിടുന്നതിനു പകരം മാസ്ക് ചെയ്ത ആധാർ പകർപ്പുകൾ പങ്കിടാൻ മന്ത്രാലയങ്ങൾ വ്യക്തികളോട് ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, സർക്കാർ പദ്ധതികൾക്ക് അപേക്ഷിക്കാനോ വിവിധ ക്ഷേമ പദ്ധതികൾ പ്രകാരം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി നൽകുന്ന ആനുകൂല്യങ്ങൾ നേടാനോ മാസ്ക്ഡ് ആധാർ കാർഡ് ഉപയോഗിക്കാനാവില്ല.
മാസ്ക്ഡ് ആധാറിന്റെ പ്രയോജനങ്ങൾ
മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നു. പൂർണ്ണ ആധാർ നമ്പർ വെളിപ്പെടുത്തുന്നത് വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നു.
എങ്ങനെ മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കാം?
പല ഓൺലൈൻ പോർട്ടലുകളും മാസ്ക് ചെയ്ത ആധാർ സ്വീകരിക്കുന്നു. ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ മാസ്ക് ചെയ്ത ആധാർ കാർഡ് ഉപയോഗിക്കാം. സർക്കാർ ഓഫീസുകളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ മാസ്ക് ചെയ്ത ആധാർ കാർഡിന്റെ പകർപ്പ് സമർപ്പിക്കാം.
മാസ്ക്ഡ് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വെബ്‌സൈറ്റിൽ നിന്ന് പാസ്‌വേഡ് പരിരക്ഷിത PDF ഫോർമാറ്റിൽ മാസ്‌ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.
UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറും കാപ്‌ച്ച കോഡും നൽകുക
- ആധാറുമായി ബന്ധപ്പെട്ട നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP ലഭിക്കും
- OTP നൽകി 'ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്യുക
- ഡൌൺലോഡ് ആധാർ എന്നതിൽ ക്ലിക്ക് ചെയ്യുക
- മാസ്ക്ഡ് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക