3 April 2024 4:17 PM IST
Summary
- ഹമാസുമായി വെടിനിര്‍ത്തല്‍ ഉണ്ടാകാത്തത് നെതന്യാഹുവിന്റെ നിലപാടുകാരണമെന്ന് ആരോപണം
- ബന്ദികളെ വിട്ടുകിട്ടാത്തത് ഇസ്രയേല്‍ ജനതയെ ഭരണകൂടത്തിനെതിരെ തിരിച്ചു
- മുന്‍പ്രധാനമന്ത്രി എഹൂദ് ബരാക്കും പ്രതിഷേധകര്‍ക്കൊപ്പം
തുടര്‍ച്ചയായ നാലാം ദിവസവും ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ ബന്ദികളുടെ കുടുംബങ്ങള്‍ തങ്ങളുടെ രാജ്യത്തെ നേതാവിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ചു.ബന്ദികളാക്കിയ കുടുംബങ്ങളും മുന്‍ പ്രധാനമന്ത്രി എഹുദ് ബരാക്കും ഒക്ടോബര്‍ 7ലെ 'ദുരന്തത്തിന്' നെതന്യാഹുവിനെ കുറ്റപ്പെടുത്തി. അവര്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ചെയ്യുന്നു. ആയിരക്കണക്കിന് ആള്‍ക്കാരാണ് രാജ്യത്തിന്റെ പാര്‍ലമെന്റിന്റെ മുന്നില്‍ തടിച്ചുകൂടിയത്. ഇപ്പോഴും 134 പേര്‍ ഹമാസിന്റെ പിടിയിലാണ്.
ബന്ദികളായവരെ മോചിപ്പിക്കുന്നതില്‍ നെതന്യാഹുവിന് താല്‍പ്പര്യമില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ചൊവ്വാഴ്ച പാര്‍ലമെന്റിന് മുന്നില്‍ നടന്ന റാലിയില്‍, ഇസ്രായേലിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവ് അധികാരം നിലനിര്‍ത്താന്‍ യുദ്ധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി ചില കുടുംബങ്ങള്‍ ആരോപിച്ചു. ബന്ദികളെ മോചിപ്പിക്കാന്‍ നെതന്യാഹുവിന് തിടുക്കമില്ലെന്നും അവര്‍ ആരോപിക്കുന്നു.
തട്ടിക്കൊണ്ടുപോയവരെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കുക എന്നതാണ് രാജ്യത്തിന്റെ അടിസ്ഥാന കടമ. രാഷ്ട്രീയ പരിഗണനകള്‍ കാരണം അവരെ തിരികെ കൊണ്ടുവരാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ലെന്ന് മനസിലാക്കുന്നതായും ബന്ദികളുടെ ബന്ധുക്കള്‍ പറയുന്നു.നെതന്യാഹു റാഫയില്‍ കരസേനയുടെ ആക്രമണം ആരംഭിച്ചാല്‍ ബന്ദികള്‍ ശവപ്പെട്ടികളിലായിരിക്കും തിരിച്ചത്തുക എന്ന് മുന്‍ പ്രധാനമന്ത്രി ബരാക്ക് പറഞ്ഞു. പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന് ബന്ദികളാക്കിയ കുടുംബങ്ങളെ മോശമായി ചിത്രീകരിക്കാന്‍ നെതന്യാഹു ശ്രമിച്ചതായി ബന്ദികളുടെ ബന്ധുക്കള്‍ പറയുന്നു.
പ്രതിഷേധക്കാരില്‍ മൂവായിരത്തോളം പേര്‍ പിന്നീട് നെതന്യാഹു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു. പ്രതിഷേധക്കാര്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചതായി പോലീസും പറഞ്ഞു. ആള്‍ക്കൂട്ടം കടന്നുകയറുന്നത് തടയാന്‍ പോലീസ് ഓഫീസര്‍മാര്‍ ജനക്കൂട്ടത്തിലേക്ക് ഇരച്ചു കയറി.
ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്നുകയറി 250 ഓളം ബന്ദികളെ പിടികൂടിയത്. ഇതില്‍ 33 പേര്‍ മരിച്ചതായി അനുമാനിക്കപ്പെടുന്നു.