image

10 Oct 2023 11:56 AM IST

News

ഹോളിവുഡ് എഴുത്തുകാരുടെ സമരം ഒത്തുതീര്‍ന്നു; അഭിനേതാക്കള്‍ ചര്‍ച്ച തുടരുന്നു

MyFin Desk

hollywood writers strike settled actors continue discussion
X

Summary

  • തൊഴിലാളികളുടെ കൂട്ടായ്മയുടെ വിജയമെന്ന് റൈറ്റേര്‍സ് ഗില്‍ഡ്
  • സ്ക്രിപ്റ്റുകളിലെ എഐ പ്രയോഗം നിയന്ത്രിക്കപ്പെടും


ഹോളിവുഡിലെ എഴുത്തുകാർ ഏതാണ്ട് അഞ്ച് മാസമായി തുടര്‍ന്നുവന്ന സമരം അവസാനിച്ചു. തങ്ങളുടെ യൂണിയൻ നേതാക്കൾ ഉണ്ടാക്കിയ കരാർ ഉടമ്പടി അംഗീകരിച്ചുകൊണ്ട് യൂണിയന്‍ അംഗങ്ങള്‍ ഏതാണ്ട് ഏകകണ്ഠമായി വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ 8,525 അംഗങ്ങളിൽ 99 ശതമാനവും കരാറിനു അനുകൂലമായി വോട്ട് ചെയ്തുവെന്ന് റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു. അതേസമയം സമരം അവസാനിപ്പിക്കുന്നതിനായി അഭിനേതാക്കൾ ഹൗസുകളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

വേതനം, ഷോ സ്റ്റാഫുകളുടെ എണ്ണം, സ്ക്രിപ്റ്റുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ നിയന്ത്രണം എന്നിവയിൽ തങ്ങള്‍ക്ക് അനുകൂലമായ ഉടമ്പടിയിലെത്താന്‍ എഴുത്തുകാരുടെ ട്രേഡ് യൂണിയന് സാധിച്ചിട്ടുണ്ട്. " ആറ് മാസം മുമ്പ് പലരും അസാധ്യമെന്ന് വിലയിരുത്തിയതിനെ നമ്മള്‍ക്ക് ഒത്തൊരുമയോടെ നടപ്പിലാക്കാൻ സാധിച്ചിരിക്കുന്നു," ഡബ്ല്യുജിഎ-ഈസ്റ്റിന്റെ പ്രസിഡന്റ് മെറിഡിത്ത് സ്റ്റീം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആന്‍ഡ് റേഡിയോ ആർട്ടിസ്റ്റ് എന്ന സംഘടനയുടെ നേതാക്കള്‍ സമരം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ തുടരുകയാണ്. അഭിനേതാക്കളുടെ സംഘടന മൂന്നു മാസത്തോളമായി സമരത്തിലാണ്. എഴുത്തുകാരുടെ സംഘടന നടത്തിയ തുടര്‍ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഘട്ടംഘട്ടമായ സമീപനമാണ് ആക്റ്റേര്‍സ് ഗില്‍ഡ് സ്വീകരിക്കുന്നത്. ഈ ചര്‍ച്ചകളുടെ പുരോഗതി വ്യക്തമല്ല.

അഭിനേതാക്കളുടെ ആവശ്യങ്ങൾ അനുവദിക്കണമെന്ന് റൈറ്റേഴ്‌സ് ഗിൽഡ് നേതാക്കൾ സ്റ്റുഡിയോകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്റ്റേര്‍സ് ഗില്‍ഡ് ഒരു കരാറിലെത്തുന്നത് വരെ തങ്ങളുടെ അംഗങ്ങൾ അവര്‍ക്കൊപ്പം പിക്കറ്റിംഗില്‍ പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു.

എഴുത്തുകാരുടെ പുതിയ കരാർ 2026 മെയ് 1 വരെ പ്രാബല്യത്തിലുണ്ടായിരിക്കും. മുന്‍കരാര്‍ ഇക്കഴിഞ്ഞ മേയില്‍ അവസാനിച്ചതോടെയാണ് വിവിധ ആവശ്യങ്ങളുയര്‍ത്തി സംഘടന സമരത്തിലേക്ക് നീങ്ങിയത്. ഡിസ്നി, നെറ്റ്ഫ്ലിക്സ്, വാർണർ ബ്രോസ് ഡിസ്കവറി എന്നിവയുടെ മേധാവികളുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് ശേഷം, സെപ്റ്റംബർ 24 ന് ഒരു താൽക്കാലിക കരാർ ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് എഴുത്തുകാര്‍ തിരികെ ജോലിയിലേക്ക് എത്തിയിരുന്നു.