image

9 Jan 2025 1:49 PM GMT

News

എച്ച്.എം.പി.വി വൈറസ് പുതിയതും മാരകവുമല്ല: അനാവശ്യഭീതി പരത്തരുത്: ഐ.എം.എ കൊച്ചി

MyFin Desk

എച്ച്.എം.പി.വി വൈറസ് പുതിയതും മാരകവുമല്ല: അനാവശ്യഭീതി പരത്തരുത്: ഐ.എം.എ കൊച്ചി
X

Summary

അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം


എച്ച്.എം.പി.വി ഒരു പുതിയ വൈറസോ മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം. ഐ.എം.എ ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. ഈ വൈറസ് പതിറ്റാണ്ടുകളായി ഈ ഭൂമുഖത്തുള്ളതും പലപ്പോഴായി എല്ലാവരെയും തന്നെ ബാധിച്ചിട്ടുള്ളതുമാണെന്നും, ജലദോഷം പരത്തുന്ന വൈറസുകളുടെ സ്ഥിരം പട്ടികയില്‍ വരുന്നതാണെന്നും ഇതിനെ പുതിയ വൈറസ് രോഗമായ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലന്നും ഡോ. ജേക്കബ്ബ് എബ്രഹാം അഭിപ്രായപ്പെട്ടു.


എച്ച്. എം.പി.വി വൈറസിനെ എങ്ങിനെ ചെറുക്കാം

* പനിയും ജലദോഷവും ചുമയും ഉള്ളവര്‍ പരമാവധി ആള്‍ക്കുട്ടങ്ങളില്‍ പോകാതിരിക്കുക.

* വായുസഞ്ചാരമില്ലാത്ത തിരക്കുള്ള ഇടുങ്ങിയ ഇടങ്ങളിൽ മാസ്‌ക്ക് ധരിക്കുക

* അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക

* പുറത്തു പോയി വന്നാൽ കൈകള്‍ കഴുകുക

തുടങ്ങിയ കാര്യങ്ങൾ ഇത്തരം വൈറസുകൾ വരാതിരിക്കാനുള്ള മുൻകരുതലുകളാണ്.

ശൈത്യകാലത്താണ് എച്ച്.എം.പി.വി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ജലദോഷം വന്നാല്‍ പോലും അവിടുള്ളവര്‍ വലിയ ആശുപത്രികളിലാണ് ചികില്‍സ തേടുന്നത്. ഒപ്പം നിസ്സാരപ്രശ്നങ്ങൾക്കു പോലും ഐ.വി ഡ്രിപ്പ് ഇടുന്നതും ശീലമാണ്. അതിനാൽ ശൈത്യകാലത്ത് വടക്കൻ ചൈനയില്‍ ആശുപത്രികളില്‍ വലിയ തിരക്കു പതിവാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വീണ്ടും മഹാമാരി വരുന്നുവെന്ന തലക്കെട്ടോടു കൂടി അനാവശ്യ ഭീതി പരത്തി പ്രചരിപ്പിക്കുന്നതെന്നും ഇത് കണ്ട് ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എം. എം ഹനീഷ്, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.