image

25 Sept 2023 5:31 AM

News

വരുന്നു ' ഡിസീസ് എക്‌സ് ' , കോവിഡ്19 നെക്കാള്‍ 20 മടങ്ങ് മാരകമെന്ന് ആരോഗ്യ വിദഗ്ധര്‍

MyFin Desk

health experts issue warning about
X

Summary

  • യുകെയിലെ ആരോഗ്യ വിദഗ്ധര്‍ മുന്‍കരുതല്‍ സ്വീകരിച്ചു കഴിഞ്ഞു
  • 2018-ല്‍ ലോകാരോഗ്യ സംഘടനയാണു ഡിസീസ് എക്‌സ് എന്നൊരു വൈറസ് ഉണ്ടെന്ന് ആദ്യമായി അറിയിച്ചത്
  • ഡിസീസ് എക്‌സ് വന്യമൃഗങ്ങളിലോ വളര്‍ത്തു മൃഗങ്ങളിലോ ഉത്ഭവിച്ചതിനു ശേഷം മനുഷ്യരിലേക്കു പകരുമെന്നാണു പൊതുജനാരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നത്


കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ലോകം മെല്ലെ കരകയറി വരുന്ന ഘട്ടത്തില്‍ പുതിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു ആരോഗ്യ വിദഗ്ധര്‍. ഡിസീസ് എക്‌സ് എന്നു ലോകാരോഗ്യ സംഘടന പേരിട്ടിരിക്കുന്ന ഒരു വൈറസ് അധികം താമസിയാതെ തന്നെ പൊട്ടിപ്പുറപ്പെടുമെന്നും വലിയൊരു ആരോഗ്യപ്രശ്‌നമായി അത് മാറുമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഡിസീസ് എക്‌സ്, എന്ന് പേരിടാന്‍ കാരണം ഈ പകര്‍ച്ചവ്യാധി ലോകത്തിന് അജ്ഞാതമായതു കൊണ്ടാണ്. കണക്ക് പഠിക്കുമ്പോള്‍ അറിയാത്ത ഒരു വസ്തുവിന്റെ മൂല്യത്തെ ' എക്‌സ് ' എന്നു വിശേഷിപ്പിക്കാറില്ലേ. അതു തന്നെയാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. ആര്‍ക്കും അറിയാത്തൊരു രോഗം. അതാണ് ഡിസീസ് എക്‌സ്.

പുതിയൊരു രോഗമായതിനാല്‍ ഈ രോഗത്തെ നേരിടാന്‍ വാക്‌സിനുകളോ, ചികിത്സകളോ ഉണ്ടാവില്ല. അത്തരമൊരു സാഹചര്യം വരുമ്പോഴാകട്ടെ അപകട സാധ്യത വളരെ വലുതുമായിരിക്കും.

കോവിഡ്-19 നേക്കാള്‍ 20 മടങ്ങ് അപകടം വിതയ്ക്കാന്‍ ശേഷിയുള്ളതാണു പുതിയ ഡിസീസ് എക്‌സ് വൈറസെന്നാണു വൈദ്യശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. 2019-അവസാനത്തോടെയാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്. ചൈനയിലായിരുന്നു കോവിഡ്-19 വൈറസ് ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു.

1918-1920 ലെ സ്പാനിഷ് ഫ്‌ളൂവിനു സമാനമായ ആഘാതം സൃഷ്ടിക്കാന്‍ പ്രാപ്തമായിരിക്കും ഡിസീസ് എക്‌സ് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോകമെമ്പാടുമായി ചുരുങ്ങിയത് 50 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയതാണ് സ്പാനിഷ് ഫ്‌ളൂ. ഈ എണ്ണം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ഇരട്ടിയോളം വരും.

25-ഓളം വൈറസ് കുടുംബങ്ങളെ കുറിച്ച് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് അറിയാം. ഇവയില്‍ ഓരോ കുടുംബത്തിലും 100 അല്ലെങ്കില്‍ 1000 കണക്കിന് വ്യത്യസ്ത വൈറസുകള്‍ ഉള്‍പ്പെടുന്നു. അവയിലേതെങ്കിലും ഒന്ന് സമീപകാലത്തു തന്നെ ഒരു പകര്‍ച്ചവ്യാധിക്കു കാരണമാകാനും സാധ്യതയുണ്ടെന്നു ശാസ്ത്രലോകം പറയുന്നു.

ഈ വര്‍ഷം മെയ് മാസത്തില്‍ ലോകാരോഗ്യ സംഘടന അടുത്തതായി വരാന്‍ പോകുന്ന ഡിസീസ് എക്‌സ് എന്ന പകര്‍ച്ചവ്യാധിയെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാകട്ടെ, ലോകമെമ്പാടും ആശങ്കകള്‍ ഉയര്‍ത്താനും കാരണമായിരിക്കുകയാണ്.

2018-ല്‍ ലോകാരോഗ്യ സംഘടനയാണു ഡിസീസ് എക്‌സ് എന്നൊരു വൈറസ് ഉണ്ടെന്ന് ആദ്യമായി അറിയിച്ചത്.

ഡിസീസ് എക്‌സ് വന്യമൃഗങ്ങളിലോ വളര്‍ത്തു മൃഗങ്ങളിലോ ഉത്ഭവിച്ചതിനു ശേഷം മനുഷ്യരിലേക്കു പകരുമെന്നാണു പൊതുജനാരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നത്.