24 April 2023 2:53 PM GMT
Summary
- എച്ച്ഡിഎഫ്സി ബാങ്ക്- എച്ച്ഡിഎഫ്‍സി ലയന പദ്ധതിയുടെ ഭാഗം
- മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിൽ നിന്ന് അനുമതി
- ലയനം ജൂലൈയോടെയെന്ന് വിലയിരുത്തല്‍
എച്ച്‌ഡിഎഫ്‌സി ഇൻവെസ്റ്റ്‌മെന്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഗൃഹ പിടിഇയിൽ 20 ശതമാനമോ അതിൽ കൂടുതലോ ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇന്ന് നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിൽ നിന്ന്ഇതിനുള്ള റെഗുലേറ്ററി അനുമതി ലഭിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
2012-ൽ സ്ഥാപിതമായ ഗൃഹ പിടിഇ, സിംഗപ്പൂർ ആസ്ഥാനമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബോട്ടിക് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് മാനേജരാണ്. ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (HDFC) വിദേശ വിപണിയിലേക്കുള്ള കടന്നുചെല്ലലായിരുന്നു ഈ സ്ഥാപനം.
എച്ച്‌ഡിഎഫ്‌സി ലൈഫിലെയും എച്ച്‌ഡിഎഫ്‌സി എർഗോയിലെയും ഓഹരി പങ്കാളിത്തം 50 ശതമാനത്തിലധികമാക്കി വർധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) അനുമതി ലഭിച്ചതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രൂപ്പിലെ മറ്റൊരു ഉപകമ്പനിയിലും ഓഹരി പങ്കാളിത്തത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്‌ഡിഎഫ്‌സിയും തമ്മിലുള്ള ലയന പദ്ധതിയുടെ പശ്ചാത്തലത്തിലാണ് സമീപകാല സംഭവവികാസങ്ങൾ നിരീക്ഷിക്കപ്പെടുന്നത്. ഈ വർഷം ജൂലൈയോടെ ലയനം പ്രാബല്യത്തിൽ വരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഇടപാടിലൂടെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്‍സിയെ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 4നാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചത്. ലയനത്തിനു ശേഷമുള്ള നിർദിഷ്ട സ്ഥാപനത്തിന് ഏകദേശം 18 ലക്ഷം കോടി രൂപയുടെ ആസ്തി അടിസ്ഥാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.