2 Nov 2023 5:05 PM IST
Summary
- മുടങ്ങിക്കിടക്കുന്ന ലൈസൻസ് ഫീസ് പരിഹരിക്കുന്നതിനും 5ജി സ്പെക്‌ട്രം പേയ്‌മെന്റ് പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുമാണ് വായ്പ നൽകുന്നത്
- 2022-23 സാമ്പത്തിക വർഷത്തിൽ മുൻകാല ലൈസൻസ് ഫീസിനത്തിൽ 350 കോടി രൂപയും സ്‌പെക്‌ട്രം ഉപയോഗ നിരക്കുകൾക്കായി 1,700 കോടി രൂപയും വിഐ നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല വായ്പാ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, വൊഡാഫോൺ ഐഡിയയ്ക്ക് 2,000 കോടി രൂപ വായ്പ നൽകി. സ്പക്ട്രം ലൈസൻസ് ഫീസ് കുടിശിക നല്കുന്നതിനും 5 ജി സ്പെക്‌ട്രം പേയ്‌മെന്റ് ബാധ്യതകള്‍ നിറവേറ്റുന്നതിനുമാണ് കമ്പനിക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് രണ്ട് വർഷത്തെ കാലാവധിയുള്ള വായ്പ നല്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ മുൻകാല ലൈസൻസ് ഫീസിനത്തിൽ 350 കോടി രൂപയും സ്‌പെക്‌ട്രം ഉപയോഗ നിരക്കുകൾക്കായി 1,700 കോടി രൂപയും വിഐ നൽകിയിട്ടുണ്ട്. ഇക്വിറ്റി ഫണ്ടിംഗിനായി സാധ്യതയുള്ള നിക്ഷേപകരുമായി കമ്പനി ചർച്ച നടത്തിവരികയാണ്. വരാനിരിക്കുന്ന പേയ്‌മെന്റ് ബാധ്യതകൾ നിറവേറ്റുന്നതിന് സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ വിഐയുടെ പ്രൊമോട്ടർ ഗ്രൂപ്പ് 2,000 കോടി രൂപയുടെ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്.
2023 ജൂൺ 30-ന് വിഐ യുടെ മൊത്തം കടം 2.11 ലക്ഷം കോടി രൂപയാണ്. എന്നാല്‍ കമ്പനി 2022-23 രണ്ടാം പാദം വരെയുള്ള എല്ലാ നിയമപരമായ കുടിശ്ശികകളും അടച്ചു.
കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ലൈസൻസ് ഫീസും സ്‌പെക്‌ട്രം ഉപയോഗ ചാർജും , കുടിശ്ശികയും നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ വേഗത്തിൽ അടച്ചു തീർത്തിരിക്കുകയാണ് കമ്പനി.
എന്നാല്‍ കമ്പനിയുടെ സെപ്റ്റംബറിലവസാനിച്ച പാദത്തിലെ നഷ്ടം 8737.9 കോടി രൂപയാണ്. മുന്‍വർഷമിതേ കാലയളവിലെ നഷ്ടം 7595.5 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 10,716.3 കോടി രൂപയാണ്. മുന്‍വർഷമിതേ കാലയളവിലെ 10,614.6 കോടിയേക്കാള്‍ 0.95 ശതമാനം കൂടുതലാണിത്. മെച്ചപ്പെട്ട വരിക്കാരും, 4G വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനയുമാണ് വരുമാനം കൂട്ടിയത്.
കമ്പനിയുടെ പ്രവർത്തനലാഭം 4,097.5 കോടി രൂപയിൽ നിന്ന് 4,282.8 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പ്രവർത്തനലാഭ മാർജിനും കമ്പനി ഓരോ ക്വാർട്ടറിലും മെച്ചപ്പെടുത്തിവരികയാണ്.
കമ്പനിയുടെ ഓഹരി വില ഇന്ന 8 . 2 ശതമാനം ഉയർന്ന് 13 .85 രൂപയിലാണ് ക്ലോസ് ചെയ്തത്. വിഐയില്‍നിന്നു കോടക്കണക്കിനു രൂപ ടവർ വാടകക്കുടിശിക ലഭിക്കാനുള്ള ഇന്‍ഡസ് ടവറിന്‍ ഓഹരി വില അഞ്ചു ശതമാനം ഉയർന്ന് ( ഒമ്പതു രൂപ) 189 . 65 രൂപയില്‍ ക്ലോസ് ചെയ്തു.