1 Nov 2023 5:14 PM GMT
Summary
കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയലൂടെയാണ് കടന്നു പോകുന്നത് എന്ന് സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തെ രൂക്ഷമായി വിമർശിച്ചു കോടതി. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഈ സത്യവാങ്മൂലം സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി വിമര്‍ശനമുന്നയിച്ചു. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലാണോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ വിലയിരുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു
. കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ജനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്റിയിലാണ് കെടിഡിഎഫ്‌സിയില്‍ നിക്ഷേപം നടത്തിയത്. സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കില്ലെങ്കില്‍ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. അതുകൊണ്ട് സത്യവാങ്മൂലം പുനപരിശോധിച്ചതിനുശേഷം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കെഎസ്ആര്‍ടിസിക്ക് നല്‍കിയ 360 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതാണ് കെടിഡിഎഫ്‌സിയുടെ പ്രതിസന്ധിക്ക് കാരണമെന്ന് സര്‍ക്കാരിനെ സ്ഥാപനം അറിയിച്ചിട്ടുണ്ട്. ഈ തുക ഇപ്പോള്‍ പലിശ സഹിതം 900 കോടിയായി. കെഎസ്ആര്‍ടിസിക്ക് ഇത് തിരികെ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കണമെന്നാണ് കെടിഡിഎഫ്‌സിയുടെ ആവശ്യം. 2021-22 ല്‍ ആര്‍ബിഐ കെടിഡിഎഫ്‌സിയെ നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.