27 July 2023 11:27 AM GMT
Summary
- ആറുരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഹയാഷി എത്തുന്നത്
- ഇന്‍ഡോ-പസഫിക് നിക്ഷേപ പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും
- ജി20 ഉച്ചകോടിയും ചര്‍ച്ചാവിഷയമാകും
ജപ്പാന്‍ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി വ്യാഴാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ഇന്ത്യ സന്ദര്‍ശിക്കും. ഏഷ്യയിലും ആഫ്രിക്കയിലുടനീളമുള്ള തന്റെ ആറ് രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായുള്ള ഈ സന്ദര്‍ശന വേളയില്‍ ഹയാഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.
മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഇന്‍ഡോ-പസഫിക് നിക്ഷേപ പദ്ധതി സംബന്ധിച്ചാണ് ഹയാഷിയുടെ സന്ദര്‍ശനം. 2030-ഓടെ ഇന്തോ-പസഫിക് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമായി ജപ്പാന്‍ നടത്തുന്ന 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളിലേക്ക് നിര്‍മ്മാണ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു സംരംഭമായ ബേ ഓഫ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ വാല്യൂ ചെയിന്‍ ആശയവും കിഷിദ നിര്‍ദ്ദേശിച്ചിരുന്നു.
ജപ്പാന്റെ ഔദ്യോഗിക വികസന സഹായം (ഒഡിഎ) തന്ത്രപരമായി ഉപയോഗിക്കാനും വിവിധ രൂപങ്ങളില്‍ വിപുലീകരിക്കാനും വികസന സഹകരണ ചാര്‍ട്ടര്‍ പരിഷ്‌കരിക്കാനും അടുത്ത ദശകത്തേക്ക് ഒഡിഎയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിക്കാനുമുള്ള ജപ്പാന്റെ ഉദ്ദേശ്യം പ്രധാനമന്ത്രി കിഷിദ ന്യൂഡെല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍ ഒരു 'ഓഫര്‍-ടൈപ്പ്' സഹകരണവും വാഗ്ദാനംം ചെയ്യുന്നു. സ്വകാര്യ മൂലധന-തരം ഗ്രാന്റ് സഹായം സമാഹരിക്കുന്നതിന് ഒരു പുതിയ ചട്ടക്കൂട് ആരംഭിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. ഒപ്പം ജപ്പാന്‍ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്റെ നിയമത്തിന്റെ ഭേദഗതിയുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.
സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക് വികസിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് അനിവാര്യമാണെന്ന് ജപ്പാന്‍ കരുതുന്നു. ജപ്പാന്‍, അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്ന് കിഷിദ ഊന്നിപ്പറഞ്ഞിരുന്നു.
ഹയാഷിയും ജയശങ്കറും തമ്മിലുള്ള ചര്‍ച്ചകളില്‍ ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും സെപ്തംബര്‍ ആദ്യം നടക്കാനിരിക്കുന്ന ജി 20 നേതാക്കളുടെ തലത്തിലുള്ള ഉച്ചകോടിയും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. 2023 മാര്‍ച്ചില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ രണ്ട് നയതന്ത്രജ്ഞരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.