14 July 2023 11:37 AM
Summary
- കമ്പനിയുടെ രാജ്യത്തെ രണ്ടാമത്തെ പ്ലാന്റാണിത്
- പുതിയ പ്ലാന്റില്‍ നിന്നും കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നു
- ഏഷ്യ-പസഫിക് മേഖലയില്‍, ചൈനയിലും ഇന്ത്യയിലുമാണ് ഉല്‍പ്പാദനം
ആഗോള ഓഫീസ് ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ ഹാവര്‍ത്ത് (Haworth) ചെന്നൈയില്‍ ഒരു പുതിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നു. ഇവിടെ എട്ട് മുതല്‍ പത്ത് ദശലക്ഷം ഡോളര്‍ വരെ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതില്‍ ഭൂമിയുടെ വിലയും ഉള്‍പ്പെടുന്നു.
രാജ്യത്ത് കമ്പനിയുടെ രണ്ടാമത്തെ പ്ലാന്റാണിത്. ആദ്യ പ്ലാന്റ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് ഉള്ളത്. ആദ്യത്തെ ഫാക്ടറിക്ക് സമീപമാണ് രണ്ടാമത്തെ പ്ലാന്റ് നിര്‍മ്മിക്കുന്നത്. 7,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന നിലവിലെ പ്ലാന്റിന്റെ ഇരട്ടി വലിപ്പം ഇതിനുണ്ടാകും.
ഫാക്ടറി ആഭ്യന്തര വിപണിയിലും ഒപ്പം പശ്ചിമേഷ്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ഫര്‍ണിച്ചറുകളും നിര്‍മ്മിക്കുമെന്ന് കമ്പനി പ്രസിഡന്റ് ഹെന്നിംഗ് ഫിഗ് പറയുന്നു. കമ്പനിയുടെ നിലവിലെ സൗകര്യം ആഭ്യന്തര ആവശ്യത്തിന് മാത്രമാണ്.
രണ്ട് പ്ലാന്റുകളില്‍ നിന്നുമുള്ള ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും ഇന്ത്യന്‍ വിപണിയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ സ്ഥാപനം ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ 250 ഓളം പേര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ പ്ലാന്റ് കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏഷ്യ-പസഫിക് മേഖലയില്‍, നിലവില്‍ ചൈനയിലും ഇന്ത്യയിലുമാണ് ഹാവര്‍ത്ത് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
കമ്പനി പ്രധാനമായും ഇന്ത്യയിലെ പ്രീമിയം വിഭാഗത്തില്‍ വരുന്ന ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. ഏകദേശം 300മില്യണ്‍ ഡോളറാണ് ഇന്ത്യയിലെ കമ്പനിയുടെ വലിപ്പം.
മൊത്തത്തിലുള്ള ഫര്‍ണിച്ചര്‍ വ്യവസായത്തേക്കാള്‍ വേഗത്തില്‍ വളരുന്നതാണ് ഈ വിഭാഗത്തിന്റെ മികവെന്ന് ഫിഗ് പറയുന്നു. ഉയര്‍ന്ന വളര്‍ച്ചയെ പ്രധാനമായും നയിക്കുന്നത് രണ്ട് ഘടകങ്ങളാണ്. ഒന്ന്, ഓഫീസുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും പ്രാധാന്യവും. രണ്ടാമതായി, കമ്പനികള്‍ മികച്ച ജീവനക്കാര്‍ക്കായി മത്സരിക്കുകയും ജീവനക്കാര്‍ മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെടുകയും ചെയ്യുന്ന അന്തരീക്ഷം.
കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഓഫീസ് കസേരകളില്‍ രണ്ടെണ്ണം, സോഡി, ഫേണ്‍ എന്നിവ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളവയാണ്.
ബെംഗളുരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ ഹാവര്‍ത്തിന് ഷോറൂമുകള്‍ ഉണ്ട്. അഹമ്മദാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിപണികളിലേക്കും ഇത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.