27 April 2024 3:09 PM IST
Summary
- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിച്ചു
- ഗാസയുടെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി സൗദി അറേബ്യ തിങ്കളാഴ്ച ഉന്നതതല ചര്‍ച്ചകള്‍ സംഘടിപ്പിക്കും
- യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും
ഗാസയിലെ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെക്കുറിച്ചുള്ള ഇസ്രയേലിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുമെന്ന് ഹമാസ്. ഏപ്രില്‍ 13 ന് മധ്യസ്ഥര്‍ക്ക് കൈമാറിയ ഗ്രൂപ്പിന്റെ നിലപാടിന് മറുപടിയായാണ് ഈ നിര്‍ദ്ദേശമെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.അത് പഠിച്ചുകഴിഞ്ഞാല്‍ ഒരു പ്രതികരണം അറിയിക്കും. ഇതിന് പ്രത്യേക ടൈംലൈനൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈയാഴ്ച ആദ്യം, യുഎസും മറ്റ് 17 രാജ്യങ്ങളും ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസില്‍ സമ്മര്‍ദ്ദം ചെലുത്തി.അതിനായി നിന്നുപോയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനും തീരദേശ മേഖലയ്ക്ക് കൂടുതല്‍ മാനുഷിക സഹായം നല്‍കാനും ശ്രമിച്ചിരുന്നു.
ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ അഭയം പ്രാപിക്കുന്ന തെക്കന്‍ ഗാസയിലെ റാഫ നഗരത്തിന് നേരെ ആക്രമണം നടത്താനുള്ള ഇസ്രയേല്‍ നീക്കത്തിനിടെയാണ് ഹമാസിന്റെ അറിയിപ്പ്. പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുമായി സന്ധിയിലെത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറി വരുകയാണ്.
അതേസമയം ഈജിപ്ഷ്യന്‍ പ്രതിനിധി സംഘത്തിന് ഇസ്രയേല്‍ കാര്യമായ ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഏറ്റവും പുതിയ ഓഫര്‍ റാഫയില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള ഒരു കരാറിനുള്ള അവസാന ശ്രമമാണെന്നും പറയുന്നു.
പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും മാനുഷിക സഹായത്തിനും പകരമായി ഹമാസ് ബന്ദികളാക്കിയവരിലെ സ്ത്രീകളെയും പരിക്കേറ്റവരെയും പ്രായമായവരെയും രോഗികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമം യുഎസും നടത്തുന്നു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍, ശേഷിക്കുന്ന തടവുകാരെ ഒരു പ്രക്രിയയ്ക്ക് കീഴില്‍ വിട്ടയക്കാം. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
ഗാസയുടെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി സൗദി അറേബ്യ തിങ്കളാഴ്ച ഉന്നതതല ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പങ്കെടുക്കുമെന്നും പിന്നീട് ഒരു ദിവസത്തിന് ശേഷം ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
1967-ന് മുമ്പുള്ള അതിര്‍ത്തികളില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ ഹമാസ് ആയുധം താഴെവെക്കുമെന്ന് അവര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കാനുമുള്ള ആവശ്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ പറയുന്നു. അത് ഇസ്രയേല്‍ നിരസിച്ചിരുന്നു.