24 Oct 2024 9:16 AM GMT
തൃശൂരിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ റെയ്‌ഡിൽ പിടിച്ചെടുത്തത് 104 കിലോ സ്വർണം. 'ടെറേ ദെൽ ഓറോ' അഥവാ സ്വർണഗോപുരം എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ റെയ്‌ഡാണിത്. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലെത്തിയ 700 ഓളം ജിഎസ്‌ടി ഉദ്യോഗസ്ഥർ തൃശൂരിലേക്ക് വാനിലും ടൂറിസ്റ്റ് ബസിലുമായി പോവുകയായിരുന്നു. അവിടെ നിന്ന് പത്ത് പേരടങ്ങുന്ന വിവിധ സംഘങ്ങളായി സ്വർണ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തുകയും ചെയ്തു. ഓരോ സ്വർണ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്‌ഡ്. 74 കേന്ദ്രങ്ങളിലായി നടന്ന റെയ്‌ഡിൽ സ്വർണത്തോടൊപ്പം നികുതി വെട്ടിപ്പുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. സ്വർണ നിർമാണ കേന്ദ്രങ്ങളിൽ ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ജില്ലയിലെ സ്വർണവ്യാപാര മേഖലയിൽ അപ്രതീക്ഷിതമായി ജിഎസ്‌ടി വകുപ്പ് ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ബുധനാഴ്‌ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു റെയ്‌ഡ് ആരംഭിച്ചത്.