image

13 Dec 2022 4:51 AM

News

23,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്കെതിരെ അന്വേഷണം

MyFin Desk

GST
X

Summary

  • 2019 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ ജിഎസ്ടി വെട്ടിപ്പാണ് അന്വേഷിക്കുന്നത്.


ഡെല്‍ഹി: ഗെയിമിംഗ് കമ്പനികളുടെ 23,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നികുതി വകുപ്പ് അന്വേഷിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. 2019 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ ജിഎസ്ടി അടവിലെ ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. സൈബര്‍, ക്രിപ്റ്റോ ആസ്തി തട്ടിപ്പുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഗെയിമിംഗ് ഉള്‍പ്പെടെ 1,000 കോടിയിലേറെ രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.

ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച്, ഇന്ത്യയിലും വിദേശത്തും സ്ഥിതി ചെയ്യുന്ന ചില ഗെയിമിംഗ് കമ്പനികള്‍ക്കെതിരെ കേന്ദ്ര പരോക്ഷ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൈബര്‍, ക്രിപ്‌റ്റോ ആസ്തി തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അതില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളും ഉള്‍പ്പെടും.

2022 ഡിസംബര്‍ ആറിലെ കണക്കനുസരിച്ച്, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരം 1,000 കോടിയിലധികം വരുന്ന ആസ്തികള്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് കണ്ടുകെട്ടുകയോ, പിടിച്ചെടുക്കുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

കൂടാതെ, രണ്ട് സപ്ലിമെന്ററി പ്രോസിക്യൂഷന്‍ പരാതികള്‍ ഉള്‍പ്പെടെ 10 പ്രോസിക്യൂഷന്‍ പരാതികള്‍ (പിസികള്‍) പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 1999ലെ ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമത്തിന്റെ സെക്ഷന്‍ 37 എ പ്രകാരം 289.28 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ആദായനികുതി റിട്ടേണില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കോഡൊന്നും ലഭ്യമല്ലാത്തതിനാല്‍ അവയുടെ നികുതി റിട്ടേണ്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും.

1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 138 പ്രകാരം നല്‍കിയിട്ടുള്ള വിവരങ്ങളല്ലാതെ നിര്‍ദ്ദിഷ്ട നികുതിദായകനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിരോധിച്ചിരിക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.