image

1 Jun 2023 3:26 PM

News

മേയിലും ജിഎസ്‍ടി സമാഹരണം 1.5 ലക്ഷം കോടിക്കു മുകളില്‍

MyFin Desk

GST Collection Updates |  Latest GST Announcements
X

Summary

  • ഏപ്രിലിനെ അപേക്ഷിച്ച് സമാഹരണത്തില്‍ ഇടിവ്
  • ജിഎസ്‍ടി നടപ്പാക്കിയ ശേഷം അഞ്ചാം തവണയാണ് 1.5 ലക്ഷം കോടി കടക്കുന്നത്
  • ബജറ്റ് എസ്റ്റിമേറ്റുമായി ചേര്‍ന്നുപോകുന്നുവെന്ന് വിലയിരുത്തല്‍


തുടർച്ചയായ മൂന്നാം മാസത്തിലും ചരക്കുസേവന നികുതി സമാഹരണം 1.5 ലക്ഷം കോടി രൂപ മറികടന്നു. മേയില്‍ 12% വാര്‍ഷിക വർധനയോടെ ജിഎസ്‍ടി കളക്ഷൻ 1.57 ലക്ഷം കോടി രൂപയായി. സംസ്ഥാനങ്ങളിലുടനീളമുള്ള മികച്ച സാമ്പത്തിക പ്രകടനത്തിന്റെ തുടർച്ചയാണ് ശേഖരണങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് നികുതി വിദഗ്‍ധര്‍ വിലയിരുത്തുന്നു.

മേയില്‍ സമാഹരിച്ച മൊത്തം ജിഎസ്‍ടി വരുമാനം 1,57,090 കോടി രൂപയാണ്, അതിൽ കേന്ദ്ര ജിഎസ്‍ടി 28,411 കോടി രൂപയും സംസ്ഥാന ജിഎസ്‍ടി 35,828 കോടി രൂപയും സംയോജിത ജിഎസ്‍ടി 81,363 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 41,772 കോടി രൂപ ഉള്‍പ്പടെ), സെസ് 11,489 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ പിരിച്ചെടുത്ത 1,057 കോടി രൂപ ഉൾപ്പെടെ) ആണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12 ശതമാനം കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) മുന്‍ വർഷം ഇതേ മാസത്തിലെ സമാഹരണത്തേക്കാള്‍ 11 ശതമാനം കൂടുതലാണ്.

ഏപ്രിലിൽ ജിഎസ്‍ടി വരുമാനം 1.87 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. മാർച്ചിൽ ഇത് 1.60 ലക്ഷം കോടി രൂപയായിരുന്നു. പ്രതിമാസ ജിഎസ്‍ടി വരുമാനം 1.4 ലക്ഷം കോടിയിലധികം വരുന്ന തുടർച്ചയായ 14-ാം മാസമാണ് മേയ്. 2017 ജൂലൈ 1-ന് ജിഎസ്‍ടി നടപ്പാക്കിയതിന് ശേഷം അഞ്ചാം തവണയാണ് ജിഎസ്‍ടി സമാഹരണം 1.5 ലക്ഷം കോടി രൂപ കടന്നു.

നടപ്പു സാമ്പത്തിക വർഷത്തെ സർക്കാരിന്‍റെ ബജറ്റ് എസ്റ്റിമേറ്റുമായി ജിഎസ്‍ടി ശേഖരണം പൊരുത്തപ്പെടുന്നതായി കെപിഎംജി ഇൻ ഇന്ത്യ നാഷണൽ ഹെഡ് (പരോക്ഷ നികുതി) അഭിഷേക് ജെയിൻ പറഞ്ഞു. സെപ്റ്റംബറിന് മുമ്പ് വിപുലമായ ഡിപ്പാർട്ട്‌മെന്റ് ജിഎസ്‍ടി ഓഡിറ്റുകൾ വരുന്നതിനാൽ, വരും മാസങ്ങളിൽ ഈ കണക്കുകൾ ഇതില്‍ നിന്നും ഉയർന്നേക്കാം,” ജെയിൻ കൂട്ടിച്ചേർത്തു.

“അടുത്ത കുറച്ച് മാസങ്ങളിൽ, ജിഎസ്ടി വരുമാനം 1.55-1.65 ട്രില്യൺ രൂപയിൽ ആയിരിക്കും.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10-11 ശതമാനം വളർച്ച എല്ലാ മാസങ്ങളിലും രേഖപ്പെടുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഐസിആർഎ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയ്യാർ പറഞ്ഞു.