image

2 May 2023 10:45 AM IST

News

ജിഎസ്‍ടി കളക്ഷന്‍ ഏപ്രിലില്‍ സര്‍വകാല ഉയരത്തില്‍

MyFin Desk

gst collection record
X

Summary

  • കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 16 % ഉയര്‍ച്ച
  • ഏപ്രിൽ 20ന് രേഖപ്പെടുത്തിയത് ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍
  • ജിഎസ്‍ടി സെസിലൂടെ 12,025 കോടി രൂപ നേടി


ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സമാഹരണം എക്കാലത്തെയും ഉയർന്ന തലമായ 1.87 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 16 % ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

വർഷാവസാന വിൽപ്പനയില്‍ നിന്നുള്ള ഉത്തേജനം, മെച്ചപ്പെട്ട നികുതി പാലിക്കൽ ഉറപ്പാക്കുന്ന ഡാറ്റാ അനലിറ്റിക്‌സ്, സുസ്ഥിരമായ സാമ്പത്തിക വളർച്ച എന്നിവ ശക്തമായ നികുതി സമാഹരണത്തിലേക്ക് നയിച്ചുവെന്നാണ് ധനമന്ത്രാലയും വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 1.68 ട്രില്യൺ രൂപയായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന കളക്ഷൻ. ഈ വർഷം മാർച്ചിലെ സമാഹരണം 1.60 ട്രില്യൺ രൂപയായിരുന്നു.

2023 ഏപ്രിലില്‍ ഒരു ദിവസത്തെ എക്കാലത്തെയും ഉയർന്ന നികുതി സമാഹരണവും നടന്നു. ഏപ്രിൽ 20ന് 9.8 ലക്ഷം ഇടപാടുകളിലൂടെ 68,228 കോടി രൂപ അടച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മഹത്തായ വാർത്ത" എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ പ്രശംസിച്ചത്. ജിഎസ്‍ടി നികുതി സംയോജനവും പാലനവും ഉറപ്പാക്കിയതിന്‍റെ ഫലമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മൊത്തം ജിഎസ്‍ടി സമാഹരണത്തില്‍ കേന്ദ്ര ജിഎസ്‍ടി 38,440 കോടി രൂപയും സംസ്ഥാന ജിഎസ്‍ടി 47,412 കോടി രൂപയും ഐജിഎസ്‍ടി 89,158 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 34,972 കോടി രൂപ ഉൾപ്പെടെ), സെസ് 12,025 കോടി രൂപയുമാണ്. അന്തർസംസ്ഥാന ഇടപാടുകളിലെ തീർപ്പാക്കലിനു ശേഷം കേന്ദ്രത്തിന്‍റെ ജിഎസ്‍ടി വിഹിതം 84,304 കോടി രൂപയും സംസ്ഥാനങ്ങളുടെ ജിഎസ്‍ടി വിഹിതം 85,371 കോടി രൂപയുമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഹൈ-എന്‍ഡ് ഉൽപ്പന്നങ്ങൾ, പുകയില, എയറേറ്റഡ് ഡ്രിങ്ക്സ് എന്നിവയ്ക്കു മേല്‍ ചുമത്തിയിട്ടുള്ള ജിഎസ്‍ടി സെസിലൂടെ 12,025 കോടി രൂപ നേടി. ഇത് കോവിഡ് മഹാമാരിയുടെ സമയത്ത് സംസ്ഥാനങ്ങൾക്ക് അവരുടെ ജിഎസ്ടി നഷ്ടപരിഹാരത്തിന് പകരമായി ലഭ്യമാക്കിയ തുകയുടെ തിരിച്ചുപിടിക്കലിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ സെസ് ആണ്.