2 Dec 2023 11:01 AM
Summary
- വികസ്വര രാജ്യങ്ങളെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് സഹായിക്കണം
- അതിനായി സാങ്കേതിക വിദ്യയും പണവും ലഭ്യമാക്കണം
- 2028ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വംവഹിക്കാന്‍ ഇന്ത്യ തയ്യാറെന്നും പ്രധാനമന്ത്രി
തരിശുഭൂമി ഹരിതാഭമാക്കി ഗ്രീന്‍ ക്രെഡിറ്റ് സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംരംഭത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ചര്‍ച്ചകളിലെ (സിഒപി28) ഒരു ഉന്നതതല പരിപാടിയില്‍ സംസാരിക്കവെ ഗ്രീന്‍ ക്രെഡിറ്റ്‌സ് ഇനിഷ്യേറ്റീവ്, കാര്‍ബണ്‍ ക്രെഡിറ്റുകളുടെ വാണിജ്യ സ്വഭാവത്തെ മറികടക്കുന്ന ഒന്നാണെന്ന് മോദി പറഞ്ഞു.
'വാണിജ്യ ചിന്താഗതിയാല്‍ നയിക്കപ്പെടുന്ന കാര്‍ബണ്‍ ക്രെഡിറ്റുകള്‍ക്ക് പരിമിതമായ വ്യാപ്തിമാത്രമേ ഉള്ളു. അതുപോലെ തന്നെ അതിനു വലിയ സാമൂഹിക ഉത്തരവാദിത്തവുമില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മാനസികാവസ്ഥയില്‍ നിന്ന് നാം മാറേണ്ടതുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം വ്യക്തിഗത വളര്‍ച്ചയുമായി ഇഴചേര്‍ന്ന് കിടക്കുന്നു എന്ന ബോധ്യത്തിലാണ് ഗ്രീന്‍ ക്രെഡിറ്റ്‌സ് ഇനിഷ്യേറ്റീവ് പ്രവര്‍ത്തിക്കുന്നത്, അദ്ദേഹം പറഞ്ഞു. വൃക്ഷത്തൈ നടീലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളും അറിവുകളും അനുഭവങ്ങളും ശേഖരിക്കുന്നതിനായി ഒരു ആഗോള പോര്‍ട്ടല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഗോള നയങ്ങള്‍, സമ്പ്രദായങ്ങള്‍, ഗ്രീന്‍ ക്രെഡിറ്റുകളുടെ ആവശ്യകത എന്നിവയെ സ്വാധീനിക്കാന്‍ ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
ഒക്ടോബറില്‍ ആഭ്യന്തരമായി ആരംഭിച്ച ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാമിനെയാണ് ഗ്രീന്‍ ക്രെഡിറ്റ്‌സ് ഇനിഷ്യേറ്റീവ് പ്രതിഫലിപ്പിക്കുന്നത്. വ്യക്തികള്‍, കമ്മ്യൂണിറ്റികള്‍, സ്വകാര്യ തുടങ്ങിയവയുടെ സ്വമേധയായുള്ള പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന കമ്പോളാധിഷ്ഠിത സംവിധാനമാണിത്.
. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് യുഎഇ സായിദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉച്ചകോടി ഡിസംബര്‍ 12 വരെ ദുബായില്‍ യു.എ.ഇ.യുടെ പ്രസിഡന്‍സിക്ക് കീഴില്‍ നടക്കും.
സമ്പന്ന രാജ്യങ്ങള്‍ 2050-ന് മുമ്പ് കാര്‍ബണ്‍ ബഹിർഗമന മുക്തമാകണമെന്നും, എല്ലാ വികസ്വര രാജ്യങ്ങള്‍ക്കും ആഗോള കാര്‍ബണ്‍ ബജറ്റില്‍ ന്യായമായ വിഹിതം നല്‍കണമെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് വികസ്വര, അവികസിത രാഷ്ട്രങ്ങളെ സഹായിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2009-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥാ ചര്‍ച്ചയില്‍ നിര്‍ദ്ദേശിക്കപ്പെടുകയും 2014-ല്‍ പണം സ്വരൂപിക്കാന്‍ തുടങ്ങുകയും ചെയ്ത ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിനടുത്തെത്തിയിട്ടില്ല.
വികസ്വര രാജ്യങ്ങളെ കാലവസ്ഥാവ്യതിയാനത്തെ നേരിടാന്‍ പ്രാപ്തരാക്കേണ്ടതുണ്ട് . ഇതിന് ആവശ്യമായ ധനസഹായവും സാങ്കേതിക സഹായവും ലഭ്യമാക്കേണ്ടതുമുണ്ട്.ആഗോളതാപനം കുത്തനെ കുറയ്ക്കുന്നതിനായി എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
ഇന്ത്യ 2028ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് മോദി ഉച്ചകോടിയെ അറിയിച്ചു.
പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മികച്ച ഉദാഹരണമാണ് ഇന്ന് ഇന്ത്യ. ലോകജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലാണെങ്കിലും, ആഗോള കാര്‍ബണ്‍ നിർഗമനത്തിൽ രാജ്യത്തിന്റെ വിഹിതം നാല് ശതമാനത്തില്‍ താഴെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നവംബര്‍ 30 ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 12ന് സമാപിക്കും.
കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ദുരിതങ്ങളും ദുരന്തങ്ങളും ഉണ്ടായ വര്‍ഷമാണ് 2023. അതിന് എന്ത് പ്രതിവിധി കണ്ടെത്താം എന്നത് ചര്‍ച്ചയില്‍ ഉയരുന്ന ഏറ്റവും മുഖ്യ വിഷയമാകും. നിലവിലുള്ള അന്തരീക്ഷ താപനില 1.5 ഡിഗ്രിയെങ്കിലും കുറയ്ക്കാനാകുമോ എന്നുള്ള ചര്‍ച്ചകളു ഉച്ചകോടിയില്‍ ഉണ്ടാകും. 200 രാജ്യങ്ങളില്‍ നിന്നും ഏഴായിരം പ്രതിനിധികള്‍ പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.