image

21 May 2023 6:14 AM GMT

News

സിസിഐ വിധിക്കെതിരേ അപ്പീല്‍ നല്‍കുന്നതിന് പിഴയുടെ 25% അടയ്ക്കണം

MyFin Desk

fine has to be paid to appeal the cci decision
X

Summary

  • തെറ്റായ പ്രസ്‍താവനയ്ക്ക് 5 കോടി പിഴ
  • ഡീൽ വാല്യു ത്രെഷോൾഡ് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടില്ല
  • മത്സര വിരുദ്ധ സ്വഭാവമുള്ള കരാറുകളുടെ വ്യാപ്തി വര്‍ധിപ്പിച്ചു


കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിക്കൊണ്ട് നടത്തുന്ന ഉത്തരവിനെതിരേ അപ്പീല്‍ പോകുന്നതിന് ആദ്യം പിഴയുടെ 25% ഡെപ്പോസിറ്റായി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അപ്പീൽ ഫയൽ ചെയ്യുന്നതിന് മുമ്പ് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൽ ഈ തുക നിക്ഷേപിക്കണമെന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

കൂടാതെ, തെറ്റായ പ്രസ്താവനകൾ സമർപ്പിക്കുന്നതിന് ചുമത്തുന്ന പിഴ 1 കോടി രൂപയില്‍ നിന്ന് 5 കോടി രൂപയാക്കി ഉയര്‍ത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം കോമ്പറ്റീഷൻ ഭേദഗതി നിയമം 2023 പ്രകാരമുള്ള മറ്റ് ചില വ്യവസ്ഥകളും കോർപ്പറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വ്യവസ്ഥകളോടെ, വിവിധ ബിസിനസുകള്‍ വിപണിയിലെ മത്സരത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന ഏതു ശ്രമത്തെയും നേരിടാന്‍ സജ്ജമാകുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും നിയന്ത്രണത്തിനായുള്ള പുതിയ മാനദണ്ഡമായ ഡീൽ വാല്യു ത്രെഷോൾഡുമായി (ഡിവിടി) ബന്ധപ്പെട്ട വ്യവസ്ഥകൾ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചരക്കുകളുടെയും സേവനങ്ങളുടെയും വിറ്റുവരവിനുപകരം, ഒരു എന്റർപ്രൈസസിന്റെ ആഗോള വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് കടുത്ത പിഴകൾ നല്‍കേണ്ടതെന്ന് നിയമ ഭേദഗതി വ്യക്തമാക്കുന്നു. എന്നാൽ, ഇതും വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ലയനവും ഏറ്റെടുക്കലും വഴി ഡിജിറ്റൽ സ്‌പെയ്‌സിലെ മത്സരം ഇല്ലാതാക്കുന്നത് തടയുന്നതിന് നിലവിലുള്ള 'ആസ്തി & വിറ്റുവരവ്' മാനദണ്ഡങ്ങൾ മതിയാകില്ല എന്ന വസ്തുതയുടെ പശ്ചാത്തലത്തിലാണ് നിയമഭേഗദതിയില്‍ ഡിവിടി ഉള്‍പ്പെടുത്തിയത്.

പുതിയ ഭേദഗതികൾക്ക് കീഴിൽ, ഹബ്-ആൻഡ്-സ്പോക്ക് കാർട്ടലുകൾ പോലെയുള്ള മത്സര വിരുദ്ധ സ്വഭാവമുള്ള കരാറുകൾ ഉൾപ്പെടുത്തി ഇത്തരം കരാറുകളുടെ നിയമപരമായ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആധിപത്യത്തിന്‍റെ ദുരുപയോഗം, മത്സര വിരുദ്ധ ക്രമീകരണങ്ങൾ എന്നിവ പോലുള്ള പ്രധാന മത്സര നിയമ ലംഘനങ്ങൾക്കെതിരായ നടപടികള്‍ക്ക്, നടപടിയുടെ കാരണമായ തീയതി മുതല്‍ ചുരുങ്ങിയത് 3 വര്‍ഷത്തെ കാലയളവ് ഉണ്ടാകും.

പുതിയ വ്യവസ്ഥകൾ സ്വാഗതാർഹമായ നടപടിയാണെന്നും സിസിഐയുടെ സൂക്ഷ്മപരിശോധനയിൽ നിന്ന് മാറിനിൽക്കാൻ ബിസിനസുകള്‍ വിപണി മത്സര നിയമം പാലിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ലുത്ര ആൻഡ് ലൂത്ര ലോ ഓഫീസ്സ് ഇന്ത്യയുടെ പങ്കാളിയായ ജിആർ ഭാട്ടിയ പറഞ്ഞു.