image

9 Sept 2023 5:21 PM IST

News

കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഇറക്കുമതി; സർക്കാർ കമ്പനികളുമായി ചർച്ച നടത്തി

MyFin Desk

computing products
X

Summary

ഇറക്കുമതി നിയന്ത്രണങ്ങൾ നവംബര്‍ ഒന്നുമുതൽ


ലാപ്‌ടോപ്പുകള്‍, പോഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഇലക്ട്രോണിക്ട്‌സ്, ഐടി ഉത്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നവംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച് പോസിറ്റീവും നെഗറ്റീവുമായി നരിവധി അഭിപ്രായങ്ങള്‍ സജീവവുമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ ഇറക്കുമതി ലൈസന്‍സിംഗ് വ്യവസ്ഥയിലെ രണ്ട് മാനദണ്ഡങ്ങളെക്കുറിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പങ്കാളികളുമായി സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍, ചെറിയ സെര്‍വറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഐടി ഹാര്‍ഡ് വേര്‍ ഇറക്കുമതി ഒരു കമ്പനിയുടെ പ്രാദേശിക നിര്‍മ്മാണ മൂല്യവുമായും ഐടി ഹാര്‍ഡ് വേറുകള്‍, മൊബൈല്‍ ഫോണുകള്‍, ധരിക്കാവുന്നതും കേള്‍ക്കാവുന്നതുമായ വസ്തുക്കള്‍, ടെലികോം ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി മൂല്യവുമായും ബന്ധിപ്പക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇറക്കുമതി ചെയ്യുന്ന ലാപ്‌ടോപ്പുകളാണ്. ഇതിനു പകരമായി ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇറക്കുമതി നിയന്ത്രണങ്ങള്‍ വരുന്നതോടെ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. നേരത്തെ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്ന പല വസ്തുക്കളും ചൈനീസ് ഉത്പന്നങ്ങളുടെ വരവോടെ അവസാനിച്ചിരുന്നു. ഈ അവസ്ഥ മാറ്റാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പ്ദ്ധതികളിലൂടെയും സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയിലൂടെയും നടക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, സോളാര്‍ പാനലുകള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉത്പാദനം പുനരാരംഭിക്കാന്‍ ഇത് സഹായകമായിട്ടുണ്ട്.

എന്നാല്‍, കമ്പനികള്‍ അവരുടെ കയറ്റുമതിയെയും ആഭ്യന്തര ഉത്പാദനത്തെയും അടിസ്ഥാനമാക്കി ക്രെഡിറ്റുകള്‍ നേടുകയും, തുടര്‍ന്ന് ഈ ക്രെഡിറ്റുകള്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നതാണ് പുതിയ നിയന്ത്രണം വരുന്നതോടെയുള്ള പ്രധാനകാര്യം. പുതിയ ഇറക്കുമതി ലൈസന്‍സിംഗ് അനുസരിച്ച് ഓരോ കമ്പനിക്കും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ക്വാട്ട നല്‍കും. ക്രമേണ വര്‍ഷം തോറും ക്വാട്ട വെട്ടിക്കുറയ്ക്കും. അങ്ങനെ ആദ്യത്തെ വര്‍ഷത്തെ അപേക്ഷിച്ച് നാലാം വര്‍ഷം എത്തുമ്പോള്‍ ക്വാട്ട 10 ശതമാനത്തിലേക്ക് എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ലാപ്‌ടോപ്പുകളുടെ വിതരണ ശൃംഖലയെ ഇത് ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള ഉറപ്പ്. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോഡക്ട് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി 2.0 പ്രകാരം ആരംഭിക്കാന്‍ കുറച്ച് സമയമെടുക്കും. ഇക്കാലയളവില്‍ ലാപ്‌ടോപ്പുകളുടെയും മറ്റ് ഹാര്‍ഡ് വേറുകളുടെയും ഇറക്കുമതി സുഗമമായി നടക്കുകയും അത് വിപണിയില്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രോഡക്ട് ലിങ്ക്ഡ് ഇന്‍സെന്റീവ് 2.0 പദ്ധതി 2024 ഒക്ടോബറിലേക്ക് നീട്ടിവെയ്ക്കണമെന്നാണ് കമ്പനികളുടെ അഭിപ്രായം.ഇത് സര്‍ക്കാരിന് പിഎല്‍ഐ പദ്ധതിക്ക് യോഗ്യരായ കമ്പനികളുടെ പുരോഗതി വിലയിരുത്താന്‍ സമയം നല്‍കുമെന്നാണ് കമ്പനികളുടെ അഭിപ്രായം.

സര്‍ക്കാര്‍ നിര്‍ബന്ധിത ഇറക്കുമതി ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നുവെന്നുള്ള തെറ്റായ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍, ഈ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടു വരിക എന്ന ലക്ഷ്യമേ സര്‍ക്കാരിനുള്ളു. അതുകൊണ്ട് തന്നെ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഇറുക്കമതി നിയന്ത്രണ സംവിധാനം എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രതികരണങ്ങള്‍ അറിയിക്കാനും സര്‍ക്കാര്‍ ഇതില്‍ പങ്കാളികളാകുന്നവരോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.