image

19 May 2023 6:32 AM GMT

News

എല്‍ആര്‍എസ് നിബന്ധനകളിലെ മാറ്റം ബിസിനസ് യാത്രകള്‍ക്ക് ബാധകമല്ല

MyFin Desk

change in lrs terms business travel
X

Summary

  • എല്‍ആർഎസില്‍ പതുകിയിലേറെയും സംഭാവന ചെയ്യുന്നത് വിദേശ യാത്രകള്‍
  • ജൂലൈ 1 മുതൽ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 20% ടിസിഎസ്


കമ്പനികൾ സ്പോൺസർ ചെയ്യുന്ന, ജീവനക്കാരുടെ വിദേശ ബിസിനസ്സ് യാത്രകൾക്ക് ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ ബാധകമാകില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിയമപരിധിയില്‍ വരുന്ന ഏതെങ്കിലുമൊരു സ്ഥാപനം ഒരു ജീവനക്കാരനെ ഡെപ്യൂട്ടേറ്റ് ചെയ്യുകയും അതിന്‍റെ ചെലവുകൾ വഹിക്കുകയും ചെയ്യുമ്പോൾ, അത്തരം ചെലവുകളെ എല്‍ആര്‍എസിന് പുറത്തുള്ള ശേഷിക്കുന്ന കറന്റ് അക്കൗണ്ട് ഇടപാടുകളായി കണക്കാക്കും.

ഇടപാടിന്റെ സത്യസന്ധത സ്ഥിരീകരിക്കുന്നതിന് വിധേയമായി അംഗീകൃത ഡീലർ (എഡി) ഇതിന് പരിധിയില്ലാതെ അനുമതി നല്‍കുകയും ചെയ്യാമെന്നും ധനമന്ത്രാലയും വ്യക്തമാക്കുന്നു. പതിവായി ഉയർന്നു വരുന്ന ചോദ്യങ്ങള്‍ക്കുള്ള (FAQ) മറുപടികളാണ് ഇന്നലെ മന്ത്രാലയം പുറത്തിറക്കിയത്.

എല്‍ആര്‍എസ് പ്രകാരം, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ റസിഡന്റ് വ്യക്തികൾക്കും ഒരു സാമ്പത്തിക വർഷത്തിൽ $250,000 വരെ അനുവദനീയമായ ഏതെങ്കിലും കറന്റ് അല്ലെങ്കിൽ ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകൾക്കായി മറ്റു രാജ്യങ്ങളില്‍ നിന്ന് വിനിമയം ചെയ്യാന്‍ അവകാശമുണ്ട്. എല്‍ആര്‍എസ് പ്രകാരം, 2020 -21 സാമ്പത്തിക വർഷത്തിൽ, മൊത്തമായി 12.68 ബില്യൺ ഡോളര്‍ അയക്കപ്പെട്ടു. 2021-22ൽ ഇത് 19.61 ബില്യൺ ഡോളറായും, 2022 -23 ല്‍ 24 ബില്യൺ ഡോളറായി ഉയർന്നു, അതിൽ പകുതിയിലേറെയും സംഭാവന ചെയ്തത് വിദേശ യാത്രകളാണ്.

ജൂലൈ 1 മുതൽ, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് എൽആർഎസിന് കീഴിൽ 20 ശതമാനം ടിസിഎസ് (സ്രോതസ്സിൽ നിന്നുള്ള നികുതി) സമാഹരിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ധനമന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ഇത് ധനകാര്യ സ്ഥാപനങ്ങളുടെ നികുതി പാലനം പ്രയാസമുള്ളതാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണത്തെ ബജറ്റില്‍ വിദേശ ടൂർ പാക്കേജുകൾ, ബോണ്ടുകൾ, ഷെയറുകൾ, റിയൽ എസ്റ്റേറ്റ് മുതലായവ വാങ്ങുന്നതിനായി പണമയയ്ക്കലിനുള്ള എൽആർഎസ് നേരത്തെയുള്ള 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിച്ചിരുന്നു.

യാത്ര, വിദ്യാഭ്യാസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളുടെ എല്‍ആർഎസ് സംബന്ധിച്ച് വിശദമായി പിന്നീട് വ്യക്തത നൽകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.