1 Nov 2023 12:13 PM
Summary
ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ മസാല ബോണ്ടുകളിറക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ മസാല ബോണ്ട് ഇറക്കിയിരുന്നില്ല
കേന്ദ്ര സര്‍ക്കാര്‍ മസാല ബോണ്ട് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 20,000-25,000 കോടി രൂപ ഇതിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ച സമീപദിവസം ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍, നിക്ഷേപകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായും സൂചനയുണ്ട്. ബോണ്ട് വില്‍പ്പനയിലൂടെ എത്ര രൂപ സമാഹരിക്കാമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേകരെ ഇന്ത്യന്‍ ബോണ്ടുകളിലേക്ക് ആകര്‍ഷിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതുവരെ ഗവണ്‍മെന്റിന്റെ കടമെടുക്കല്‍ ആഭ്യന്തര നിക്ഷേപകരില്‍ നിന്നു മാത്രമായിരുന്നു. ഒരു ചെറിയ പരിധി വരെ വിദേശ ഫണ്ടുകളില്‍ നിന്നും കടമെടുക്കുന്നു.
ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ മസാല ബോണ്ടുകളിറക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ മസാല ബോണ്ട് ഇറക്കിയിരുന്നില്ല. ഇന്ത്യന്‍ രൂപ മുഖവിലയായി ഇന്ത്യയ്ക്ക് പുറത്ത് വില്‍ക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്.
ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റിയാണ് (ഐഎഫ്എസ്‌സിഎ)ബോണ്ട് പുറത്തിറക്കാനുള്ള പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്.
പ്രൊപ്പോസല്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പരിഗണനയിലിരിക്കുകയാണെന്നു ഐഎഫ്എസ്‌സിഎ ചെയര്‍പേഴ്‌സണ്‍ കെ. രാജാറാം പറഞ്ഞു.