14 Dec 2023 7:11 AM
Summary
- പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്
- ഈ വര്‍ഷം ഫെബ്രുവരിയില്‍ വിഐഎല്ലിന്റെ 33.1% ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു
- ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറാണെങ്കിലും വിഐഎല്ലിന്റെ ദൈനംദിന തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല
ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെ (വിഐഎല്‍) ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ടെലികോം കമ്പനിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആശയം മന്ത്രി നിരസിച്ചു. ഇത്തരമൊരു നിര്‍ദേശം വകുപ്പിന്റെ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിഐഎല്ലിന്റെ 33.1% ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് കമ്പനിയുടെ ഡിഫെര്‍ഡ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) കുടിശ്ശികയായ 16,133 കോടി രൂപ ഇക്വിറ്റിയിലേക്ക് മാറ്റിയപ്പോഴാണ് ഈ ഏറ്റെടുക്കല്‍ നടന്നത്.
ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറാണെങ്കിലും വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിയും ആദിത്യ ബിര്‍ള ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ വിഐഎല്ലിന്റെ ദൈനംദിന തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല.
വിഐഎല്ലിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ മാത്രമേ സര്‍ക്കാരിന് ഉദ്ദേശ്യമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വോഡഫോണ്‍ ഐഡിയ ഓഹരി ഇന്നലെ (ഡിസംബര്‍ 13) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത് 13.20 രൂപയിലാണ്.