11 Nov 2023 6:21 AM
ഒടിടി, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു; കരട് ബില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍
MyFin Desk
Summary
നിയമനിര്‍മ്മാണം പ്രക്ഷേപണ മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കും
ഒടിടി (ഓവര്‍ ദ ടോപ്), ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (നിയന്ത്രണ) ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിസിനസ് എളുപ്പമാക്കുക, ജീവിതം സുഗമമാക്കുക എന്ന ആശത്തിന് അനുസൃതമായാണ് പുതിയ ബില്‍ അവതരിപ്പിച്ചതെന്ന് ' ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഈ സുപ്രധാന നിയമനിര്‍മ്മാണം പ്രക്ഷേപണ മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കും. കാലഹരണപ്പെട്ട നിയമങ്ങളും, മാര്‍ഗ്ഗരേഖകളും മാറ്റി നിയന്ത്രിക്കുന്ന സംവിധാനങ്ങളെ ആധുനികവത്കരിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് (റെഗുലേഷന്‍) ആക്ട് 1965-ആണ് നിലവില്‍ കേബിള്‍ ശൃംഖലകള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷേപണങ്ങളെ നിയന്ത്രിക്കുന്ന നിയമം. മുപ്പതു വര്‍ഷത്തിലേറെയായി ഈ നിയമമാണ് പിന്തുടരുന്നത്. എന്നാല്‍ സമീപകാലത്ത് ബ്രോഡ്കാസ്റ്റിംഗ് രംഗം വലിയ മാറ്റങ്ങള്‍ക്കാണു വേദിയായത്. ഈ സാഹചര്യത്തിലാണു പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ബില്‍ പാസായി കഴിഞ്ഞാല്‍ കണ്ടന്റ് ഇവാലുവേഷന്‍ കമ്മിറ്റി (ഉള്ളടക്കം വിലയിരുത്താനുള്ള സമിതി) രൂപീകരിച്ച് നെറ്റ്ഫഌക്‌സ്, ആമസോണ്‍, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിംഗ് ഭീമന്മാരെ നിയന്ത്രിക്കുമെന്നത് ഉറപ്പാണ്.