14 Nov 2024 3:04 AM GMT
Summary
- കുറഞ്ഞ ആഘാതമുള്ള വ്യാവസായിക പ്ലാന്റുകള്‍ക്കാണ് ഇവ ബാധകമാകുക
- അനായാസം ബിസിനസ്സ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിജ്ഞാപനം ലക്ഷ്യമിടുന്നു
- എങ്കിലും പ്ലാന്റുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളെ അറിയിക്കേണ്ടതാണ്
കുറഞ്ഞ ആഘാതമുള്ള വ്യാവസായിക പ്ലാന്റുകള്‍ക്ക് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുന്നു. പുതിയ വിജ്ഞാപനമനുസരിച്ച്, കുറഞ്ഞ ആഘാതമുള്ള വ്യാവസായിക പ്ലാന്റുകള്‍ക്കും മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയുള്ളവര്‍ക്കും അവ സ്ഥാപിക്കാനോ പ്രവര്‍ത്തിപ്പിക്കാനോ ഇനി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അനുമതി ആവശ്യമില്ല. വിജ്ഞാപനം അനായാസം ബിസിനസ്സ് ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
പുതിയ നിയമങ്ങള്‍ പ്രകാരം, 20 അല്ലെങ്കില്‍ അതില്‍ താഴെയുള്ള 'മലിനീകരണ സൂചിക സ്‌കോര്‍' ഉള്ള വ്യാവസായിക പ്ലാന്റുകളും അതുപോലെ തന്നെ 2006 ലെ പരിസ്ഥിതി മന്ത്രാലയ വിജ്ഞാപനത്തിന് കീഴിലുള്ള മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയുള്ളവയും സംസ്ഥാന തല അനുമതികള്‍ ആവശ്യപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കി.
എന്നിരുന്നാലും, ഈ പ്ലാന്റുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രേഖാമൂലം അതത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളെ അല്ലെങ്കില്‍ മലിനീകരണ നിയന്ത്രണ സമിതികളെ അറിയിക്കേണ്ടതാണ്.
എയര്‍ കൂളറുകള്‍, എയര്‍കണ്ടീഷണറുകള്‍, ബേബി ക്യാരേജുകള്‍, മോട്ടോറൈസ് ചെയ്യാത്ത വാഹനങ്ങള്‍ എന്നിവയുടെ അസംബ്ലി, അജൈവ രാസവസ്തുക്കള്‍ ഇല്ലാതെ ജൈവ വളം, ജൈവ കീടനാശിനി ഉത്പാദനം തുടങ്ങിയവയാണ് ഒഴിവാക്കപ്പെട്ട വ്യവസായങ്ങള്‍.
തേയില പായ്ക്കിംഗ്, ഫ്‌ലൈ ആഷ് ഇഷ്ടികകളുടെയും കട്ടകളുടെയും നിര്‍മ്മാണം, സോളാര്‍ വൈദ്യുതി ഉത്പാദനം ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകളും മിനി ജലവൈദ്യുത നിലയങ്ങളും (25 മെഗാവാട്ടില്‍ താഴെ), ഡീസല്‍ പമ്പുകള്‍, ഇലക്ട്രിക് മോട്ടോറുകള്‍, ജനറേറ്ററുകള്‍ (ഡ്രൈ മെക്കാനിക്കല്‍ പ്രക്രിയകള്‍), മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദനം, എന്നിവയും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇലക്ട്രോണിക് സാധനങ്ങളുടെ അസംബ്ലി, പാല്‍പ്പൊടി പാക്കിംഗ്, കയര്‍ സാധനങ്ങളുടെ നിര്‍മ്മാണം, കയര്‍ നിര്‍മ്മാണം തുടങ്ങിയവയും വിജ്ഞാപനപ്രകാരം ഒഴിവാക്കി.