22 March 2024 10:05 AM
Summary
- നിരോധനം മൂന്ന് സംസ്ഥാനങ്ങളിലായി
- കൃത്രിമ ഭക്ഷ്യനിറങ്ങള്‍ പലതും അപകടകരം
- കാന്‍സറിന് വഴിതുറക്കുന്ന രാസനിറങ്ങളുടെ ഉപയോഗമാണ് നിരോധിച്ചത്
ഗോബി മഞ്ചൂരിയന്‍ നിങ്ങള്‍ കഴിക്കാറുണ്ടോ? ബംഗളൂരുവില്‍ ഗോബി മഞ്ചൂരിയനില്‍ നിറത്തിനും രുചിക്കുമായി ചേര്‍ക്കുന്ന രാസവസ്തു നിരോധിച്ചതിനെത്തുടര്‍ന്ന് വ്യാപാരം ഇടിഞ്ഞു. റോഡാമൈന്‍-ബി ഉള്‍പ്പെടെയുള്ള കൃത്രിമ ഭക്ഷ്യനിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് . ഇത് കാന്‍സറിനെ വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാരണത്താല്‍ പല സ്ഥലങ്ങളിലും ഗോബി മഞ്ചൂരിയന്‍ വ്യാപാരം നിര്‍ത്തിവെച്ചു.
നിലവില്‍ ചില മിഠായികളിലും ഗോബി മഞ്ചൂരിയനിലും ചേര്‍ക്കുന്ന കളര്‍ ഏജന്റ് നിരോധിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കര്‍ണാടക. നേരത്തെ തമിഴ്‌നാടും ഗോവയും ഇത് നിരോധിച്ചിരുന്നു.
ഫെബ്രുവരി 12 മുതല്‍ സംസ്ഥാനത്തെ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് സമര്‍പ്പിച്ചപ്പോഴാണ് പല സാമ്പിളുകളിലും ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഗോബി മഞ്ചൂരിയനില്‍ നിറത്തിനായി ചേര്‍ക്കുന്ന രാസനിറങ്ങള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ വിപണനത്തില്‍ ബെംഗളൂരുവില്‍ വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ ഈ രാസവസ്തു ഉപയോഗിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച മുതല്‍ ഈ നിര്‍ദ്ദേശം കാരണം ഗോബി മഞ്ചൂരിയന്‍ കഴിക്കുന്നവരുടെ എണ്ണം മെട്രോനഗരത്തില്‍ കുറഞ്ഞു. ഇത് കച്ചവടക്കാര്‍ക്ക് വന്‍ തിരിച്ചടിയുമായി. ഇപ്പോള്‍ ഗോബി മഞ്ചൂരിയന് രുചിയില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.പക്ഷേ ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുവില്‍ നിന്ന് കാന്‍സര്‍ ഉണ്ടാകുന്നു എന്ന് വ്യക്തമാണ്. ഇക്കാരണത്താലാണ് രാസനിറങ്ങള്‍ നിരോധിച്ചത്.
ഒരാഴ്ച കഴിഞ്ഞതോടെ ഗോബി മഞ്ചൂരിയന്‍ വ്യാപാരികളുടെ ബിസിനസ്സ് വിറ്റുവരവ് 80% കുറഞ്ഞു. ഗോബി കഴിക്കാനുള്ള താല്‍പര്യവും ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ടു.
മജസ്റ്റിക്, മല്ലേശ്വരം, ജെപി നഗര്‍, രാജാജിനഗര്‍, വിജയനഗര, വില്‍സണ്‍ ഗാര്‍ഡന്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഗോബി മഞ്ചൂരിയന്‍ വ്യാപാരികളുടെ എണ്ണം കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പാനിപ്പൂരി, ഭേല്‍ പുരി, സേവ് പുരി, മറ്റ് ചാറ്റുകള്‍ എന്നിവയിലേക്ക് തിരിയുന്നു.
നിറമില്ലാത്ത ഗോബികള്‍ ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമല്ല. 'മുമ്പ് ഞങ്ങള്‍ പ്രതിദിനം 10,000 രൂപയുടെ ബിസിനസ്സ് നടത്തിയിരുന്നു. ഇപ്പോള്‍ 5000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ല. കച്ചവടത്തിന് മുടക്കുന്ന തുകപോലും തിരിച്ചുകിട്ടുന്നില്ല'വ്യാപാരികള്‍ പറയുന്നു.