31 March 2023 10:16 AM
Summary
- ഈ മേഖലയിൽ 9 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്
- രാജ്യത്തെ 17 ഐ ടി കമ്പനികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്
പണപ്പെരുപ്പം ഒരു ആശങ്കയായി തുടരുമ്പോൾ, ബാങ്കിങ് മേഖലയിലെ തകർച്ചയടക്കം ധാരാളം വെല്ലുവിളികളെ നേരിടേണ്ടി വന്ന ഒരു സാമ്പത്തിക വർഷമാണ് കടന്നു പോയത്. പല പ്രതിസന്ധികളുടെയും പരിണിത ഫലം വരും വർഷങ്ങളിലേക്കും തുടരും എന്നത് തന്നെയാണ് പുതിയ ഒരു സാമ്പത്തിക വർഷത്തെ സ്വീകരിക്കുമ്പോൾ പരിഗണിക്കേണ്ട ആദ്യ ഘടകം. ഇത്തരത്തിൽ സമീപ മാസങ്ങളിൽ ഉണ്ടായ ബാങ്കിങ് മേഖലയിലെ വെല്ലുവിളികളും , ആഗോള സാമ്പത്തിക പ്രതിസന്ധികളും പുതിയ സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഐ ടി മേഖലയിൽ സാരമായി ബാധിക്കുമെന്നാണ് ക്രിസിൽ റേറ്റിംഗ് റിപ്പോർട്ട് ചെയുന്നത്.
10 ലക്ഷം കോടി വരുമാന വളർച്ച ഉണ്ടായേക്കാവുന്ന ഈ മേഖലയിൽ 9 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 20 ശതമാനം വരുമാന വളർച്ച ഉണ്ടായ സ്ഥാനത്ത്, 10 -12 ശതമാനത്തിന്റെ വളർച്ച മാത്രമേ ഉണ്ടാകു എന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയോടെ, ബാങ്കിങ്, ധനകാര്യ സേവന, ഇൻഷുറൻസ് മേഖലയിലെ വരുമാന വളർച്ച നേർ പകുതിയാകാനാണ് സാധ്യത. ഇത് നിർമാണ മേഖലയിലെ വരുമാന വളർച്ച 12 -14 ശതമാനം കുറയാൻ കാരണമാകും. ഒപ്പം മറ്റു മേഖലകളിൽ ഏകദേശം 9 -11 ശതമാനത്തിന്റെ വരുമാന വളർച്ചയെ കുറയ്ക്കും.
രാജ്യത്തെ 17 ഐ ടി കമ്പനികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളും ഈ മേഖലയിൽ മികച്ച വളർച്ചയാണ് ഉണ്ടായത്. 2022 സാമ്പത്തികവർഷത്തിൽ 19 ശതമാനത്തിന്റെ വരുമാന വളർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എങ്കിലും മുന്നോട്ട് പോവുമ്പോൾ ചെലവ് കാര്യക്ഷമമാക്കി കൊണ്ടുള്ള കരാറുകൾ, മികച്ച ഡിജിറ്റൽ സൊല്യൂഷനുകൾ, ക്‌ളൗഡ്, നൂതനമായ സേവനങ്ങൾ മുതലായവ ഈ മേഖലയുടെ ഡിമാന്റിനെ പിന്തുണക്കുന്നുണ്ട്.
പ്രവർത്തന ലാഭ ക്ഷമതയിൽ നേരിയ തോതിലുള്ള പുരോഗതി ഉണ്ടാകാന് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും സമീപ കാലങ്ങളിൽ കുറവ് വന്നിരുന്നു. മുന്നോട്ടും സമാന സ്ഥിതിയിൽ നിന്നും അല്പം കുറയാൻ തന്നെയാണ് സാധ്യതയെന്ന് ഏജൻസി പ്രതീക്ഷിക്കുന്നു. കൂടാതെ രൂപയുടെ മൂല്യം കുറയുന്നത് മൂലം ഈ മേഖലയിൽ ഉണ്ടാവുന്ന നേട്ടവും, ജീവനക്കാരുടെ വിനിയോഗ ശേഷിയുമെല്ലാം പ്രവർത്തന ലാഭ മാർജിൻ 23 ശതമാനം ആകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.