18 Nov 2023 7:31 AM GMT
Summary
19.6 ബില്യണ്‍ ഡോളറില്‍ നിന്ന് 4.5 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറ് മാസം രാജ്യത്തെ അറ്റ വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് - എഫ്ഡിഐ) 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ 19.6 ബില്യണ്‍ ഡോളറില്‍ നിന്ന് 4.5 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. ആഗോള നിക്ഷേപ പ്രവര്‍ത്തനങ്ങളിലെ കുറവും വിദേശ നിക്ഷേപകര്‍ സ്വദേശത്തേക്ക് നിക്ഷേപം പിന്‍വലിക്കുന്നതും വിദേശ നിക്ഷേപത്തിലെ കുറവിന് കാരണമായി.
വാര്‍ത്താവിനിമയ സേവനങ്ങള്‍, റീട്ടെയില്‍, മൊത്തവ്യാപാരം, ഉത്പാദന മേഖലകള്‍ എന്നിവിടങ്ങളിലാണ് നിക്ഷേപത്തില്‍ കാര്യമായ കുറവ് കണ്ടത്. സിംഗപ്പൂര്‍, മൗറീഷ്യസ്, ജപ്പാന്‍, യുഎസ്, നെതര്‍ലാന്‍ഡ്‌സ് എന്നിവയാണ് ഇന്ത്യയിലെ എഫ്ഡിഐ ഇക്വിറ്റി നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്ന രാജ്യങ്ങള്‍.
മുന്‍ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 14.01 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. എന്നാല്‍, 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നേരിട്ടുള്ള നിക്ഷേപം നടത്തിയവര്‍ 23.06 ബില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കല്‍ നടത്തിയതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ 5.52 ബില്യണ്‍ ഡോളറായിരുന്നു.
റിസര്‍വ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിലെ 'സ്റ്റേറ്റ് ഓഫ് ഇക്കണോമി' ലേഖനം അനുസരിച്ച്, എഫ്ഡിഐ ഇക്വിറ്റി നിക്ഷേപത്തിന്റെ പകുതിയിലധികം ഉല്‍പാദനം, ധനകാര്യ സേവനങ്ങള്‍, ഗതാഗതം, കമ്പ്യൂട്ടര്‍ സേവനങ്ങള്‍ എന്നിവയിലേക്കായിരുന്നു.
ആര്‍ട്ടിഫിഷ്യല് ഇന്റലിജന്‍സ് എഫ്ഡിഐ നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള പ്രധാന മേഖലയായി മാറി. 2016 മുതല്‍ ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളുടെ ഗവേഷണ വികസനവുമായി ബന്ധപ്പെട്ട 778 പദ്ധതികളില്‍ (മൊത്തം 26.8 ബില്യണ്‍ ഡോളര്‍) ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിഹിതം (26.2 ശതമാനം) ലഭിച്ചിട്ടുണ്ട്. യുഎസിലെയും മറ്റ് വികസിത സമ്പദ് വ്യവസ്ഥകളിലെയും 'ഉയര്‍ന്ന' പലിശനിരക്ക്, വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലെ ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ നഷ്ടത്തിനുള്ള സാധ്യത കൂട്ടുന്നു. ഇത് വിദേശ മൂലധനത്തിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തു എന്ന് റിസര്‍വ് ബാങ്ക് ഒക്ടോബറിലെ പണനയ അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു.
ഉയര്‍ന്ന പലിശനിരക്ക് ഓഹരി വിപണികളിലെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ ലയനങ്ങളും ഏറ്റെടുക്കലുകളും ഉള്‍പ്പെടുന്ന ആഗോള ഇടപാടുകള്‍ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനകം തന്നെ മാന്ദ്യത്തിലായ ആഗോള വിദേശ നിക്ഷേപ (എഫ്ഡിഐ) ചക്രത്തെ ഇത് പ്രതികൂലമായി ബാധിക്കും.