6 Sep 2023 6:47 AM GMT
Summary
- 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് ഇത്തവണത്തെ പ്രമേയം.
- ഡിസംബര്‍ 1 മുതല്‍ 5 വരെയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം:അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് ഇത്തവണത്തെ പ്രമേയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. എഴുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നായി 7500 പ്രതിനിധികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും.
ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍, അക്കാദമിക് രംഗത്തുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഗവേഷണ-വികസന രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. ഫെസ്റ്റിന്റെ കേന്ദ്ര പ്രമേയത്തിനു പുറമേ ആയുര്‍വേദ അനുബന്ധ വിജ്ഞാനം, ആയുര്‍വേദ-ആധുനിക ശാസ്ത്ര സംഗമ മേഖലകള്‍, ഔഷധ സസ്യങ്ങള്‍, ഔഷധ വികസനം, ആയുര്‍വേദ മേഖലയിലെ നയങ്ങളും ചട്ടങ്ങളും എന്നീ വിഷയങ്ങളിലും പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. ആയുര്‍വേദ ബയോളജി, വൃക്ഷായുര്‍വേദം, എത്‌നോ വെറ്റിനറി മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളിലേക്കും പ്രബന്ധങ്ങള്‍ തയ്യാറാക്കാം. www.gafindia.org എന്ന വെബ്‌സൈറ്റിലാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 15 വരെയാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം.