image

26 Nov 2024 12:55 PM GMT

News

വരുന്നു...സ്മാര്‍ട്ട് പാന്‍കാര്‍ഡ്

MyFin Desk

വരുന്നു...സ്മാര്‍ട്ട് പാന്‍കാര്‍ഡ്
X

Summary

  • ക്യൂആര്‍ കോഡ് അധിഷ്ഠിത പുതിയ പാന്‍ കാര്‍ഡ് വൈകാതെ പുറത്തിറങ്ങും
  • നികുതിദായകരെ സഹായിക്കുക എന്നതാണ് ലക്ഷ്യം
  • പദ്ധതിക്ക് 1435 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു


ക്യൂആര്‍ കോഡ് അധിഷ്ഠിത പുതിയ പാന്‍ കാര്‍ഡ് അവതരിപ്പിക്കാനൊരെുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായ ''സ്മാര്‍ട്ട് പാന്‍കാര്‍ഡ്'' വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും.

നികുതിദായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം, ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി. നിലവിലെ പാന്‍/ടാന്‍ 1.0 ഇക്കോ സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ആയിരിക്കും.

നികുതിദായകര്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാ അധിഷ്ഠിത പരിഷ്‌കാരം ഇത് ഉറപ്പാക്കും. ഇതിനുപുറമെ വിവരങ്ങളുടെ സ്ഥിരത ഉറപ്പാക്കല്‍, ചെലവ് ചുരുക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുതിയ പാന്‍ കാര്‍ഡിനായി നിലവിലെ പാന്‍ നമ്പര്‍ മാറ്റേണ്ടി വരില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായാകും അപ്‌ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.