9 Dec 2023 10:26 AM
Summary
- ഗിഫ്റ്റ് സിറ്റിയില്‍ നടന്ന 'ഇന്‍ഫിനിറ്റി ഫോറം 2.0' മീറ്റിൽ സംസാരിക്കുകയായിരുന്നു
- ആദ്യ ആറ് മാസങ്ങളില്‍, ഇന്ത്യ 7.7 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചു
- ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫിന്‍ടെക് വിപണി
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.7 ശതമാനമായത് 10 വര്‍ഷമായി നടപ്പാക്കിയ പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ നടന്ന 'ഇന്‍ഫിനിറ്റി ഫോറം 2.0' കോണ്‍ഫറന്‍സിനെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് (ഗിഫ്റ്റ്) സിറ്റിയെ പുതിയ കാലത്തെ ആഗോള സാമ്പത്തിക, സാങ്കേതിക സേവനങ്ങളുടെ ആഗോള നാഡീ കേന്ദ്രമാക്കി മാറ്റാന്‍ തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
'ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍, ഇന്ത്യ 7.7 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചു. ഇന്ന്, ലോകം മുഴുവന്‍ ഇന്ത്യയിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്, ഇത് സ്വന്തമായി സംഭവിച്ചതല്ല.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെയും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയ പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെയും പ്രതിഫലനമാണിത്'',മോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫിന്‍ടെക് വിപണികളിലൊന്നാണ് ഇന്ത്യ. ഗിഫ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ (ഐഎഫ്എസ് സി) അതിന്റെ കേന്ദ്രമായി ഉയര്‍ന്നുവരുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഗ്രീന്‍ ക്രെഡിറ്റുകള്‍ക്കായി ഒരു മാര്‍ക്കറ്റ് സംവിധാനം വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ ആശയങ്ങള്‍ പങ്കിടാന്‍ അദ്ദേഹം വിദഗ്ധരോട് അഭ്യര്‍ത്ഥിച്ചു.
യുനെസ്‌കോയുടെ 'മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടിക'യില്‍ സംസ്ഥാനത്തിന്റെ പരമ്പരാഗത ഗര്‍ബ നൃത്തം ഉള്‍പ്പെടുത്തിയതിന് ഗുജറാത്തിലെ ജനങ്ങളെ പ്രധാനമന്ത്രി മോദി ഈ അവസരത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.