18 March 2025 11:55 AM IST
Summary
- വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെയാണ് ആക്രമണമെന്ന് ഇസ്രയേല്‍
- ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെട്ടതായി സൂചന
- ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍
ഹമാസുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം. 121 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറയുന്നു.
റമദാന്‍ മാസത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 'പ്രധാനമായും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്' കൊല്ലപ്പെട്ടതെന്നും 150 ഓളം പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
വടക്കന്‍ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റാഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി.
ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ ഭീകര കേന്ദ്രങ്ങളിലാണ്് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാനും ഇസ്രയേല്‍ ഉത്തരവിട്ടു.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതിനും യുഎസ് പ്രസിഡന്‍ഷ്യല്‍ ദൂതന്റെ നര്‍ദ്ദേശങ്ങള്‍ നിരസിച്ചതിനും ശേഷമാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പിന്നീട് പറഞ്ഞു.
എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായാണ് ഹമാസ് കേന്ദ്രങ്ങള്‍ ഐഡിഎഫ് ആക്രമിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. ഹമാസിനെതിരെ ഇനി കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്നും സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.
എന്നാല്‍ കരാര്‍ ലംഘിച്ചതിനും അട്ടിമറിച്ചതിനും നെതന്യാഹുവാണ് പൂര്‍ണ ഉത്തരവാദി എന്ന് ഹമാസ് ആരോപിച്ചു. വെടിനിര്‍ത്തല്‍ ലംഘനം ബന്ദികളെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രയേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു .
ഗാസ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ 33 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. പകരമായി 1,800 ഓളം പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ വിട്ടുകൊടുത്തത്. അഞ്ച് തായ്ലന്‍ഡുകാരെയും ഹമാസ് മോചിപ്പിച്ചു. ഏകദേശം 59 ബന്ദികള്‍ ഇപ്പോഴും ഹമാസ് തടവിലാണ്.