4 Sep 2023 6:29 AM GMT
Summary
- ഷിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബൈഡന്‍
- ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് വിയറ്റ്‌നാx സന്ദര്‍ശിക്കും
ഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു. ''ഞാന്‍ നിരാശനാണ്, പക്ഷേ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു,''ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ സ്ഥലം യുഎസ് പ്രസിഡന്റ് വോളിപ്പെടുത്തിയില്ല. ഈ വര്‍ഷം നവംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന അപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോഓപ്പറേഷന്‍) കോണ്‍ഫറന്‍സില്‍ ഇരു നേതാക്കള്‍ക്കും കണ്ടുമുട്ടാന്‍ അവസരം ഒരുങ്ങുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ജി-20 ഉച്ചകോടിക്കായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ഉച്ചകോടിക്കുശേഷം വിയറ്റ്‌നാമും സന്ദര്‍ശിക്കും. പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച വൈകുന്നേരം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
തനിക്ക് കൂടുതല്‍ സഹകരണം ആവശ്യമുണ്ടെന്ന് ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്കുമുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബൈഡന്‍ പറഞ്ഞു. ഇന്ത്യയും വിയറ്റ്നാമും അമേരിക്കയുമായി കൂടുതല്‍ അടുത്ത ബന്ധം ആഗ്രഹിക്കുന്നുവെന്നും അത് വളരെ സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടി ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പകരം പ്രധാനമന്ത്രി ലി ക്വിയാങ് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുകയമന്നാണ് കരുതുന്നത്. ചിലപ്പോള്‍ ലി ക്വിയാങിനു പകരം മറ്റ് ആരെങ്കിലും വരാനുള്ള സാധ്യതയും ഉണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 9,10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. ജിന്‍പിംഗിനെ കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയിനിലെ 'പ്രത്യേക സൈനിക ഓപ്പറേഷനില്‍' ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ തന്റെ തീരുമാനം ഇതിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്.