11 Sep 2023 8:38 AM GMT
Summary
- സംയുക്തപ്രഖ്യാപനം നടക്കില്ലെന്ന് ചൈന കരുതി
- അംഗരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നത് ബെയ്ജിംഗിന് തിരിച്ചടിയായി
ലോക വേദിയില്‍ ഇന്ത്യയുടെ ഉദയത്തെ ചൈന തെറ്റായി വിലയിരുത്തിയെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനും നീതി ആയോഗിന്റെ മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗരിയ. ജി 20 യില്‍ ഇന്ത്യയുടെ നയതന്ത്ര മികവ് ചൈനയെ അന്താരാഷ്ട്ര ഫോറത്തില്‍ അത്ര സന്തോഷകരമല്ലാത്ത അവസ്ഥയിലാക്കിയെന്ന് പനഗരിയ ഒരു മാധ്യത്തോട് പ്രതികരിച്ചിരുന്നു.
ലോകശക്തികള്‍ ഇത്ര പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിയുമെന്നും അനുകൂലനിലപാട് സ്വീകരിക്കുമെന്നും ബെയ്ജിംഗ് പ്രതീക്ഷിച്ചിരുന്നില്ല.
ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ അഭാവം തിരിച്ചടിയായിരുന്നു. എന്നാല്‍ ലോക നേതാക്കള്‍ ഒത്തുചേരുന്നതിനു മണിക്കൂറുകള്‍ മുമ്പുവരെ ഒരു സംയുക്ത പ്രസ്താവനക്ക് സാധ്യതയില്ല എന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യ ആ കടമ്പ മറികടന്നു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന പ്രഖ്യാപനം പുറത്തിറക്കി. ഇന്ത്യയുടെ ഈ വിജയത്തെ ജി20 രാജ്യങ്ങള്‍ അഭിനന്ദിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തു.
ചൈനയ്ക്കുപോലും അംഗീകരിക്കേണ്ടിവന്നു എന്നത് വളരെ പ്രധാനമാണ്. ഇത് ബെയ്ജിംഗ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ യുഎസ് പക്ഷത്തേക്ക്് അല്ലെങ്കില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ഈ ഉച്ചകോടിയില്‍ കണ്ടത്. അപ്പോള്‍ അവര്‍ ഇന്ത്യക്കൊപ്പം നിലകൊള്ളുകയും ചെയ്തു. ഇവിടെ ചൈനക്ക് കണക്കുകൂട്ടലുകളില്‍ പിഴവ് സംഭവിച്ചുണ്ടാകാം. ചൈനയെ യുഎസിനു സമമായി കാണാനുള്ള സാധ്യത ഇവിടെ ഇല്ലാതായി. പക്ഷെ ചൈന അത് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബര്‍ 9 നാണ്, ജി 20 അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ജി 20യിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരാനും റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ തര്‍ക്കവിഷയം വിവരിക്കുന്നതിനുള്ള ഭാഷ മറ്റ് രാജ്യങ്ങളെ അംഗീകരിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്ന സംശയം അവസാനം വരെ നിലനിന്നിരുന്നു.
ജി20 പ്രഖ്യാപനം ചരിത്രപരവും വഴിത്തിരിവുള്ളതാണെന്നും വികസനപരവും ആഗോള രാഷ്ട്രീയവുമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം യോജിപ്പുള്ളതാണെന്നും ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് പറഞ്ഞു.