19 Oct 2023 10:14 AM GMT
Summary
- ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും.
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സംവിധാനം (എഇപിഎസ് - AePS) അവതരിപ്പിച്ചിട്ട് അധികനാളായിട്ടില്ല.പക്ഷേ, എഇപിഎസില്‍ പഴുതുകളുണ്ടെന്നും അത് മുതലെടുത്ത് തട്ടിപ്പ് നടത്തുന്നവര്‍ സജീവമാണെന്നുമാണ് പുതിയ വാര്‍ത്തകള്‍. അടുത്തിടെ പലര്‍ക്കും പണം നഷ്ടപ്പെട്ടതോടെയാണ് ഈ പേയ്‌മെന്റ് സംവിധാനം സുരക്ഷിതമല്ലെന്നും ആധാറിലെ വിവരങ്ങള്‍ ലോക്ക് ചെയ്യണം എന്നുമുള്ള നിര്‍ദ്ദേശം വന്നത്.
ആര്‍ക്കും കൈമാറരുതെന്ന് പറയുന്ന ഒടിപി ആവശ്യമില്ല ഈ തട്ടിപ്പുകാര്‍ക്ക്. പകരം ഫിംഗര്‍ പ്രിന്റ്, ആധാര്‍ നമ്പര്‍, ബാങ്കിന്റെ പേര് എന്നിവ ഉപയോഗിച്ചാണ് പണം കൈക്കലാക്കുന്നത്. ഇതിനെതിരെ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. അതെങ്ങനെയെന്നല്ലേ.
എങ്ങനെ ലോക്ക് ചെയ്യാം
ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ് സ്റ്റോറില്‍ നിന്നോ എംആധാര്‍ (mAdhaar) എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.
അടുത്തതായി രജിസ്റ്റര്‍ മൈ ആധാര്‍ കാര്‍ഡ് എന്ന ബട്ടണ്‍ ആപ്ലിക്കേഷന്റെ മുകള്‍ ഭാഗത്തായി കാണും അതില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം നാലക്ക പാസ് വേര്‍ഡും യൂസര്‍ ഐഡിയും നല്‍കി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
അതിനുശേഷം ആധാര്‍ നമ്പറും, സെക്യൂരിറ്റി കാപ്ച്ചയും നല്‍കണം. അതിനുശേഷം ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നല്‍കണം. അതോടെ ആധാര്‍ അക്കൗണ്ട് ഓപണാകും. അതില്‍ ബയോമെട്രിക് സെറ്റിംഗ്‌സിലെ ബയോമെട്രിക് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം ഒക്കെ ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ വീണ്ടും ഒരു ഒടിപി ലഭിക്കും. ഒടിപി നല്‍കി കഴിയുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യും. ഇതേ ആപ്ലിക്കേഷനില്‍ ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (AePS) ലോക്ക് ചെയ്യാനും അവസരമുണ്ട്.