image

10 May 2023 3:22 AM GMT

Premium

ഫോര്‍മേഷന്‍ ഏജന്‍റുമാരും ഇനി പിഎംഎല്‍എ പരിധിയില്‍

MyFin Desk

nirmala sitharaman fm hospitalised
X

Summary

  • അഞ്ച് പ്രവർത്തനങ്ങളെ പിഎംഎല്‍എ-യില്‍ ഉള്‍പ്പെടുത്തി
  • ഭേദഗതികള്‍ എഫ്‌എടിഎഫ് വിലയിരുത്തലിനു മുന്നോടിയായി
  • കമ്പനിക്കോ എല്‍എല്‍പിക്കോ ഓഫിസ് നല്‍കുന്നവര്‍ക്കും ബാധകം


കമ്പനികളുടെയും മറ്റും രൂപീകരണ ഏജന്റുമാരായി പ്രവർത്തിക്കുന്ന വ്യക്തികളെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന നിയമ ഭേദഗതി നിലവില്‍ വന്നു. മറ്റ് വ്യക്തികൾക്കോ കമ്പനികള്‍ക്കോ വേണ്ടി വ്യക്തികൾ ഏറ്റെടുക്കുന്ന അഞ്ച് പ്രവർത്തനങ്ങളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അഥവാ പിഎംഎൽഎക്കു കീഴിൽ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ധനമന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്.

ഒരു കമ്പനിയുടെ ഡയറക്ടര്‍, സെക്രട്ടറി, പാര്‍ട്‍ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നത് അല്ലെങ്കിൽ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മറ്റൊരു വ്യക്തിക്കായി ക്രമീകരണം നടത്തുന്നത്, കമ്പനികളുടെയോ എല്‍എല്‍പി-കളുടെയോ രൂപീകരണ ഏജന്റുമാരായി പ്രവർത്തിക്കുന്നത് തുടങ്ങിയവയ്ക്ക് പിഎംഎല്‍എ ബാധകമാക്കും.

ഒരു കമ്പനിക്കോ എല്‍എല്‍പിക്കോ ട്രസ്‌റ്റിനോ രജിസ്റ്റർ ചെയ്ത ഓഫീസ്, ബിസിനസ്സ് വിലാസം അല്ലെങ്കിൽ താമസം, കത്തിടപാടുകൾ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് വിലാസം എന്നിവ പ്രദാനം ചെയ്യുന്ന വ്യക്തികളും ഇനി ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണ്. മറ്റ് വ്യക്തികൾക്ക് വേണ്ടി ഒരു എക്സ്‍പ്രസ് ട്രസ്റ്റിന്റെ ട്രസ്റ്റി അല്ലെങ്കിൽ നോമിനി ഷെയർഹോൾഡർമാരായി പ്രവർത്തിക്കുന്ന വ്യക്തികള്‍ക്കും പിഎംഎല്‍എ ബാധകമാകും

ഒരു ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതു വരെ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കോസ്റ്റ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ എന്നിവരെ ഈ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സർക്കാർ സമീപ മാസങ്ങളിലായി വിവിധ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ വ്യവസ്ഥകൾ കർശനമാക്കിയിട്ടുണ്ട്. തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ പരിശോധിക്കുന്ന ആഗോള നിരീക്ഷണ സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്‌എടിഎഫ്) വിലയിരുത്തലിന് മുന്നോടിയായിട്ടാണ് നിയമ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ വർഷാവസാനമാണ് ഇന്ത്യയില്‍ നടപ്പാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ എഫ്‌എടിഎഫ് നടത്തുന്നത്.

പി‌എം‌എൽ‌എയുടെ വ്യാപ്തി വിപുലീകരിക്കുന്നതിലൂടെ, ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തികളോട് സർക്കാർ ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന് വ്യക്തമാക്കുന്നതായി എ‌എം‌ആർ‌ജി & അസോസിയേറ്റ്‌സ് സീനിയർ പാർട്ണർ രജത് മോഹൻ നിരീക്ഷിക്കുന്നു.