14 Jun 2023 5:48 AM
Summary
- 3 .2 കോടി ദിർഹം പിഴ ചുമത്തി
- കൈവശമുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു
- 1,18,000 വ്യാജ ഇമെയിലുകള്‍ അയച്ച് തട്ടിപ്പ്
യുഎഇയില്‍ 30 വിദേശികള്‍ അടങ്ങിയ തട്ടിപ്പുകാര്‍ക്ക് 96 വര്‍ഷത്തെ ജയില്‍ ശിക്ഷ. പ്രതികള്‍ എല്ലാവരും ചേര്‍ന്ന് 3.2 കോടി ദിര്‍ഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്. ദുബൈയില്‍ കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.
വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ച് ഇവര്‍ നടത്തിയ തട്ടിപ്പുകളില്‍ 3.2 കോടി ദിര്‍ഹം കവര്‍ന്നതായി കോടതിയില്‍ തെളിഞ്ഞു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. ഈസംഘത്തിന് പുറമേ ഏഴ് കമ്പനികള്‍ക്ക് ഏഴ് ലക്ഷം ദിര്‍ഹം പിഴയും കോടതി ചുമത്തിയിട്ടുമുണ്ട്. ഈ കമ്പനികളുടെയും വ്യക്തികളുടെയും ആസ്തികള്‍ പിടിച്ചെടുത്ത് പിഴത്തുക ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കള്ളപ്പണ, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചിരുന്നു. ഏതാണ്ട് 1,18,000 വ്യാജ ഇമെയിലുകള്‍ അയച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് അവരെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു. കള്ളപ്പണ ഇടപാടുകളും സാമ്പത്തിക തട്ടിപ്പുകളും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും തടയുന്നതിനായി യുഎഇ ജാഗ്രത പുലര്‍ത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.