20 April 2023 1:45 AM
Summary
- വിദേശമന്ത്രാലയത്തിന്റെ നിര്‍ദേശം
- വിദേശപണം കൈപ്പറ്റി
- 1.5 കോടി രൂപയാണ് വാങ്ങിയത്
വിദേശ നിക്ഷേപ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഓക്‌സ്ഫം ഇന്ത്യക്ക് എതിരെ സിബിഐ കേസെടുത്തു. ഫോറിന്‍ ഫണ്ടിംഗ് വയലേഷന്‍ നിയമം അനുസരിച്ചാണ് കേസ്. ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ വിദേശത്ത് നിന്ന് ഒന്നര കോടി രൂപ ഫോറിന്‍ കോണ്ട്രിബ്യൂഷന്‍ യൂട്ടിലൈസേഷന്‍ അക്കൗണ്ടിലേക്ക് നേരിട്ട് സ്വീകരിച്ചുവെന്നാണ് സിബിഐയുടെ ആരോപണം. 2013 നും 2016നും ഇടയിലാണ് സംഭവം.
ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓക്സ്ഫാമിന്റെ ഇന്ത്യന്‍ വിഭാഗത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിദേശ സര്‍ക്കാരുകളും വിദേശ സ്ഥാപനങ്ങളും മുഖേന എഫ്സിആര്‍എ പുതുക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഓക്സ്ഫാം ഇന്ത്യ പദ്ധതിയിട്ടിരുന്നതായി സിബിഡിടിയുടെ ഐടി (ആദായനികുതി) സര്‍വേയില്‍ കണ്ടെത്തിയ ഇമെയില്‍ ആശയവിനിമയം വ്യക്തമാക്കുന്നുവെന്നും സിബിഐ ആരോപിച്ചു. അതിനുമാത്രം സ്വാധീനം ഇവര്‍ക്കുണ്ടെന്നും അന്വേഷണ ഏജന്‍സി പറയുന്നു. വിദേശ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ വിദേശ നയം ഓക്‌സ്ഫാം ഇന്ത്യയെ ഉപയോഗിച്ച് നടപ്പാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വര്‍ഷങ്ങളായി വിദേശത്ത് നിന്ന് ധാരാളം സംഭാവനകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്പനിയുടെ വിദേശ അഫിലിയേറ്റുകളായ ഓക്‌സ്ഫാം ഓസ്‌ട്രേലിയ, ഓക്‌സ്ഫാം ഗ്രേറ്റ് ബ്രിട്ടണ്‍ തുടങ്ങിയവയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ചില എന്‍ജിഓകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഐടി സര്‍വേയില്‍ പരിശോധിച്ച ഇമെയിലുകള്‍ പ്രകാരം ഓക്‌സ്ഫാം ഇന്ത്യ, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് ജീവനക്കാര്‍ക്കുള്ള കമ്മീഷന്‍ എന്ന പേരില്‍ വിദേശ ഫണ്ട് നല്‍കിയിട്ടുണ്ട്. 12.71 ലക്ഷം രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിപിആറിന് നല്‍കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓക്സ്ഫാം ഇന്ത്യയുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും അധികൃതരുമായി സഹകരിക്കുമെന്നും ഓക്‌സ്ഫം ഇന്ത്യാ അറിയിച്ചു. കോവിഡ് പ്രതിസന്ധിയേക്കാള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയിലുണ്ടാകുന്നതെന്നും രാജ്യത്തിന്റെ സമ്പാദ്യത്തിന്റെ 45%വും ഏറ്റവും ധനികരായ ചിലരുടെ കൈയ്യിലാണെന്ന് അടുത്തിടെ ഓക്‌സ്ഫാം ഇന്ത്യ ആരോപിച്ചിരുന്നു . ഇവരുടെ ചില വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
വനിതാ ശിശുവികസന മന്ത്രാലയത്തിനായുള്ള ഇന്ത്യയുടെ 2021 ബജറ്റ് വിഹിതമെടുത്താല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ താഴെയുള്ള പത്ത് പേരുടെ മൊത്തം സ്വത്തിന്റെ പകുതിയില്‍ താഴെ മാത്രമാണെന്ന് ഇവര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരോപിച്ചിരുന്നു. പത്ത് കോടിയില്‍ അധികം വരുമാനമുള്ള വ്യക്തികളുടെ നികുതി വെറും രണ്ട് ശതമാനം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന്റെ ബജറ്റ് 121 ശതമാനം വര്‍ധിപ്പിക്കാമെന്നും ഓക്‌സ്ഫാം ഇന്ത്യ പറഞ്ഞിരുന്നു.