11 Nov 2023 10:52 AM GMT
Summary
വെള്ളിയോടുള്ള നിക്ഷേപകരുടെ താല്‍പര്യം അടുത്തകാലത്തായി കൂടി
ദീപാവലി നിക്ഷേപങ്ങളില്‍ സ്വര്‍ണവും വെള്ളിയും ഉണ്ടാകാറുണ്ട്. പക്ഷേ, എപ്പോഴും നിക്ഷേപകര്‍ക്ക് അല്‍പ്പം താല്‍പര്യക്കൂടുതല്‍ സ്വര്‍ണ്ണത്തോടാണ്. എന്നാല്‍, വെള്ളിയോടുള്ള നിക്ഷേപകരുടെ താല്‍പര്യം അടുത്തകാലത്തായി കൂടി വരുന്നുണ്ട്. ഈ ദീപാവലിക്ക് എന്തുകൊണ്ട് നിക്ഷേപത്തിനായി വെള്ളി തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സി മേധാവി അനുജ് ഗുപ്ത പറയുന്നത് ഇതാണ്. ദീര്‍ഘകാല നിക്ഷേപകര്‍ വെള്ളിയെ ആശ്രയിക്കുന്നതാണ് നല്ലത്.
രണ്ട് ലോഹങ്ങളും പണപ്പെരുപ്പത്തിനെതിരായി പ്രവര്‍ത്തിക്കുന്നു, മാത്രമല്ല ഏതെങ്കിലും ആഗോള അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ അവ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതുമാകും. എന്നാല്‍, വെള്ളിക്ക് ഉയര്‍ന്ന വ്യാവസായിക ഉപയോഗമുണ്ട്, അതിനാല്‍ ഡിമാന്‍ഡിന്റെ കാര്യത്തില്‍ വെള്ളി സ്വര്‍ണ്ണത്തെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, രണ്ട് വിലയേറിയ ലോഹങ്ങളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണമെങ്കില്‍ ദീര്‍ഘകാല നിക്ഷേപകര്‍ വെള്ളിയില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.
വെള്ളിയില്‍ നിന്നും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കുമ്പോള്‍ വിപണി വിദഗ്ധന്‍ സുഗന്ധ സച്‌ദേവ പറയുന്നത് , സ്വര്‍ണത്തെക്കാള്‍ മികച്ച പ്രകടനം വെള്ളി നടത്തും. തുടക്കത്തില്‍ കിലോയ്ക്ക് 85,000 രൂപയും അതി പിന്നെ കിലോയ്ക്ക് 95,000 രൂപയിലേക്കും എത്തും. വെള്ളിയുടെ പിന്തുണ നില 65,500 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് സ്വര്‍ണത്തെക്കാള്‍ ഉയര്‍ന്ന ചാഞ്ചാട്ടം വെള്ളിക്കുണ്ടാകും
2022 മുതലുള്ള റിട്ടേണ്‍
2022 ലെ ദീപാവലി കാലത്ത് സ്വര്‍ണ വില 10 ഗ്രാമിന് 50,580 രൂപയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വില 10 ഗ്രാമിന് 59,654 രൂപയാണ്. ഇത് കാണിക്കുന്നത് 2022 ലെ ദീപാവലി മുതല്‍ ഇതുവരെ സ്വര്‍ണം 18 ശതമാനം റിട്ടേണ്‍ നല്‍കിയെന്നാണ്. അതേപോലെ 2022 ലെ ദീപവലി കാലത്ത് വെള്ളിയുടെ വില കിലോയ്ക്ക് 57,748 രൂപയായിരുന്നു. ഇപ്പോഴത് 70,025 രൂപയാണ്. വെള്ളി നല്‍കിയ റിട്ടേണ്‍ 21.25 ശതമാനമാണ്.
മുഹൂരത്ത് വ്യാപാരം
എന്‍എസ്ഇയും ബിഎസ്ഇയും പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 2023 ലെ മുഹൂരത്ത് വ്യാപാരം നവംബര്‍ 12 (ഞായറാഴ്ച്ച) ന് വൈകിട്ട് ആറുമണി മുതല്‍ 7.15 വരെയാണ്. ഇക്വിറ്റി, കമ്മോഡിറ്റി ഡെറിവേറ്റീവ്, കറന്‍സി ഡെറിവേറ്റീവ്, ഇക്വിറ്റി ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍, സെക്യൂരിറ്റീസ് ലെന്‍ഡിംഗ് ആന്‍ഡ് ബോറോയിംഗ് എന്നിവയിലെല്ലാം വ്യാപാരം നടക്കും.