23 April 2023 12:17 PM GMT
Summary
- പോന്‍സി ആപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമം തുടരുന്നു
- നിക്ഷേപകര്‍ അതീവ ജാഗ്രത പാലിക്കണം
- 138 ബെറ്റിംഗ് പ്ലാറ്റ്‍ഫോമുകളും 94 ചൈനീസ് ലോൺ ആപ്പുകളും നിരോധിച്ചിരുന്നു
ധനകാര്യ ഉപദേശകര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാർക്കും നിയന്ത്രണ സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ഒരു ശുപാര്‍ശയും നിലവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എങ്കിലും നിക്ഷേപകര്‍ ജാഗ്രതയോടെ വേണം നിക്ഷേപ തീരുമാനങ്ങളെടുക്കാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മൾ ഓരോരുത്തർക്കും വളരെ ശക്തമായ ജാഗ്രത ആവശ്യമാണ്, രണ്ടുതവണ പരിശോധിക്കുകയും വീണ്ടും പരിശോധിക്കുകയും കൂടുതല്‍ ആളുകളോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യണം. കര്‍ണാടകയിലെ തുങ്കൂരില്‍ നടന്ന തിങ്കേഴ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
"പത്തില്‍ മൂന്നോ നാലോ ആളുകൾ നമ്മള്‍ക്ക് വളരെ വസ്തുനിഷ്ഠമായ നല്ല ഉപദേശം നൽകുന്നുണ്ടെങ്കിൽ, മറ്റ് ചില പരിഗണനകളാൽ നയിക്കപ്പെടുന്നവരായിരിക്കും ബാക്കിയുള്ളവര്‍" അവര്‍ ചൂണ്ടിക്കാട്ടി. വഞ്ചനാപരമായ നിക്ഷേപ പദ്ധതികളിലൂടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിക്ഷേപകരുടെ പണം കവരുന്നത് തടയുന്നതിനായി ഇലക്ട്രോണിക്സ്-ഐടി മന്ത്രാലത്തിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമൊപ്പം ധനകാര്യ മന്ത്രാലയം പരിശ്രമം നടത്തുകയാണെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
പോൻസി ആപ്പുകൾക്കെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയ നിര്‍മല സീതാരാമൻ, നിക്ഷേപകർ അവരെ ജാഗ്രതയോടെ സമീപിക്കണമെന്നും അവർ മുന്നോട്ടുവെക്കുന്ന ലാഭകരമായ റിട്ടേണുകളുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരാകരുതെന്നും കൂട്ടിച്ചേര്‍ത്തു. റെഗുലേറ്ററി നിയന്ത്രണമില്ലാത്ത സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് വിലക്കിക്കൊണ്ട് 2019-ൽ, സർക്കാർ ഒരു നിയമം പാസാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കുള്ളതായും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായും ആരോപിച്ച് ഫെബ്രുവരിയിൽ 138 ബെറ്റിംഗ് പ്ലാറ്റ്‍ഫോമുകളും 94 ചൈനീസ് ലോൺ ആപ്പുകളും തടയാൻ ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു.