24 Aug 2023 10:07 AM GMT
Summary
- സുരക്ഷിതത്വം, ഉയര്‍ന്ന റിട്ടേണ്‍, എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ പറ്റുന്നത് എന്നീ ഘടകങ്ങളൊക്കെ പരിഗണിച്ചാണ് മുതിര്‍ന്ന പൗരന്മാര്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത്.
- മുതിര്‍ന്ന പൗരന്മാര്‍ക്ക് ശാരീരികമായ പിന്തുണയ്ക്കൊപ്പം, മാനസികവും, വൈകാരികവുമായ പിന്തുണയും ശ്രദ്ധയും അവര്‍ അര്‍ഹിക്കുന്നുണ്ട്. വരുമാനമുണ്ടായിരുന്ന കാലത്തെ ജീവിതനിലവാരത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുന്ന സാമ്പത്തിക സുരക്ഷയുമുണ്ടാകണം.
ആഗോള തലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 21 കഴിഞ്ഞുപോയെങ്കിലും സാമ്പത്തികം ഉള്‍പ്പെടെ അവര്‍ക്കു വേണ്ടിയുള്ള നിരവധി പദ്ധതികള്‍ സജീവമായി നിലനില്‍ക്കുകയാണ്. ഒരു സമയത്ത്് സമൂഹത്തിന്റെയും, കുടുംബത്തിന്റെയും പ്രധാന ഭാഗമായിരുന്ന മനുഷ്യര്‍ക്ക് പ്രായം കൂടുന്തോറും ജീവിതസുരക്ഷയും അവരെ ഉള്‍ക്കൊള്ളുന്ന ചുറ്റുപാടും ആവശ്യമാണ്. അവരുടെ അദ്ധ്വാനം, അറിവ്, സേവനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് നമ്മുടെ സമൂഹം. പ്രായമാകുന്നതോടെ ഒന്നിനും കൊള്ളാത്തവരാണെന്നുള്ള തോന്നല്‍ ഉണ്ടാകാതെ, പ്രതീക്ഷ നല്‍കി അവരെ മുന്നോട്ടു നയിക്കേണ്ടത് അവര്‍ക്ക് ചുറ്റുമുള്ളവരാണ്. ശാരീരികമായ പിന്തുണയ്ക്കൊപ്പം, മാനസികവും, വൈകാരികവുമായ പിന്തുണയും ശ്രദ്ധയും അവര്‍ അര്‍ഹിക്കുന്നുണ്ട്. മാത്രമല്ല, വരുമാനമുണ്ടായിരുന്ന കാലത്തെ ജീവിതനിലവാരത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുന്ന സാമ്പത്തിക സുരക്ഷയുമുണ്ടാകണം.
ഈ ദിനത്തിനു പിന്നില്‍
1988 ലാണ് ഓഗസ്റ്റ് 21 മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ദിനമായി അറിയപ്പെടാന്‍ തുടങ്ങിയത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഓഗസ്റ്റ് 21 അമേരിക്കയില്‍ മുതിര്‍ന്ന പൗരന്മാരുടെ ദിനമായി പ്രഖ്യാപിച്ചു. പിന്നീട് മറ്റ് രാജ്യങ്ങളും അത് പിന്തുടര്‍ന്ന് ആ ദിവസം മുതിര്‍ന്ന പൗരന്മാരെ ആദരിക്കാനും അവര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനും തുടങ്ങി. ഓരോ വര്‍ഷവും ഈ ദിനത്തിന് ഓരോ പ്രമേയമുണ്ടാകും. ഇത്തവണ 'മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്മാരുടെ പുനരുജ്ജീവനം'(Resilience of Older Persons in a Changing World) എന്നതായിരുന്നു പ്രമേയം.
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍
പ്രധാന്‍ മന്ത്രി വയ വന്ദന യോജന, വരിഷ്ട മെഡിക്ലെയിം പോളിസി, ഇന്ദിര ഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്‌കീം, രാഷ്ട്രീയ വയോഷിരി യോജന, നാഷണല്‍ പോഗ്രാം ഫോര്‍ ദ ഹെല്‍ത്ത് കെയര്‍ എല്‍ഡര്‍ലി, വരിഷ്ത പെന്‍ഷന്‍ ബീമ യോജന.
ഈ ബാങ്കുകള്‍ നല്‍കും ഉയര്‍ന്ന പലിശ
സുരക്ഷിതത്വം, ഉയര്‍ന്ന റിട്ടേണ്‍, എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ പറ്റുന്നത് എന്നീ ഘടകങ്ങളൊക്കെ പരിഗണിച്ചാണ് മുതിര്‍ന്ന പൗരന്മാര്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത്. ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ പലിശ നല്‍കും. കൂടാതെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നികുതിയിളവും ലഭിക്കും. രാജ്യത്തെ വിവിധ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയാണ് നിക്ഷേപമെങ്കില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഒമ്പത് ശതമാനം പലിശ നല്‍കും.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് 444 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഒമ്പത് ശതമാനം പലിശ ലഭിക്കും.
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
നിക്ഷേപം 750 ദിവസം വരെയാണെങ്കില്‍ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് 9.11 ശതമാനം പലിശ നല്‍കും.
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ മൂന്ന് കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് ഒമ്പത് ശതമാനത്തിനുമേല്‍ പലിശ ലഭിക്കും. ആറ് മാസം മുതല്‍ 201 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.25 ശതമാനം പലിശ ലഭിക്കും. നിക്ഷേപം 501 ദിവസമാണെങ്കിലും പലിശ 9.25 ശതമാനമാണ്. നിക്ഷേപം 1001 ദിവസമാകുമ്പോള്‍ പലിശ 9.50 ശതമാനമാണ്.
സൂര്യോദയ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സൂര്യോദയ സ്മോള്‍ ഫിനാന്‍സ് ബാങ്കും ഒമ്പത് ശതമാനവും അതിനു മുകളിലും പലിശ നല്‍കുന്നുണ്ട്. നിക്ഷേപം 15 മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണെങ്കില്‍ പലിശ ഒമ്പത് ശതമാനമാണ്. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 9.10 ശതമാനം പലിശ ലഭിക്കും.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഒമ്പത് ശതമാനം പലിശ നല്‍കുന്നത്.
നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
നിക്ഷേപങ്ങള്‍ 555 ദിവസം, 1111 ദിവസം എന്നീ കാലാവധികളിലാണെങ്കില്‍ നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ പലിശ നിരക്ക് 9.25 ശതമാനമാണ്.