29 Nov 2023 10:27 AM
Summary
- പ്രവൃത്തി സമയം ഇപ്പോഴുള്ളതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാകും
- ശമ്പള വര്‍ധന കേന്ദ്ര സര്‍ക്കാരോ ഐബിഎയോ ഉടന്‍ പ്രഖ്യാപിക്കും
പൊതുമേഖലാ ബാങ്കുകളിലെ (പിഎസ്ബി) ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളത്തില്‍ 15-20 ശതമാനം വര്‍ധനയുണ്ടാകുമെന്നു സൂചന. ഇനി മുതല്‍ ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി പരിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ട്.
2023 ഡിസംബര്‍ പകുതിയോടെ ഇക്കാര്യങ്ങള്‍ നടപ്പിലാകുമെന്നാണു കരുതുന്നത്.
ബാങ്ക് യൂണിയനുകളും, അസോസിയേഷനുകളും, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) തമ്മിലുള്ള 12-ാമത് ഉഭയകക്ഷി ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായിട്ടാണു ഇക്കാര്യങ്ങള്‍ നടപ്പിലാവുന്നത്. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
ശമ്പള വര്‍ധന കേന്ദ്ര സര്‍ക്കാരോ ഐബിഎയോ ഉടന്‍ പ്രഖ്യാപിക്കും. ഇതിനു ശേഷമായിരിക്കും ബാങ്ക് പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കുന്ന കാര്യവും പ്രഖ്യാപിക്കുക.
പൊതുമേഖലയിലെ ബാങ്ക് ജീവനക്കാരുടെ വേതന കരാറിന്റെ കാലാവധി 2022 നവംബര്‍ 1-ന് അവസാനിച്ചിരുന്നു. അതിനു ശേഷം ഐബിഎയും ബാങ്ക് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും ഒരു പുതിയ വേതന കരാറിനെ കുറിച്ചു ചര്‍ച്ച ചെയ്തു വരികയായിരുന്നു.
വേതന പരിഷ്‌കരണവും, പ്രവൃത്തി ദിനങ്ങളിലെ മാറ്റവും ഗ്രാമീണ ബാങ്കുകളിലും (റീജിയണല്‍ റൂറല്‍ ബാങ്ക്) നടപ്പിലാക്കും.
ബാങ്കുകള്‍ ഇപ്പോള്‍ ആഴ്ചയില്‍ ആറ് ദിവസമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്ലാ രണ്ടാം, നാലാം ശനിയാഴ്ചകളില്‍ അവധിയാണ്. ഇതിനു പുറമെ ഞായറാഴ്ചകളിലും മറ്റ് പൊതുഅവധി ദിനങ്ങളിലും ബാങ്ക് പ്രവര്‍ത്തിക്കുന്നില്ല.
ഇന്‍ഷുറന്‍സ് കമ്പനികള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചില സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയാണ്.
ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസമാകുന്നതോടെ, ഓരോ ദിവസത്തെയും പ്രവൃത്തി സമയം ഇപ്പോഴുള്ളതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാകും.